കൊല്ലം: എൽഡിഎഫ്, യുഡിഎഫ് എന്നീ പാർട്ടികളിൽ നിന്ന് കേരളം മോചനം നേടി ഇവിടെ താമര വിരിയിക്കണമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെ പരിഹസിച്ചും പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ചുമാണ് സംസ്‌ഥാനത്ത് നടക്കുന്ന പ്രചാരണ റാലികളിൽ അമിത് ഷാ സംസാരിച്ചത്.
ശബരിമലയിൽ സർക്കാർ ചെയ്‌തത് എത്ര ദുഷ്‌ടമായ കാര്യമാണെന്ന് അമിത് ഷാ ചോദിച്ചു. ക്ഷേത്രങ്ങളുടെ കാര്യത്തിൽ സർക്കാർ ഇടപെടാൻ പാടില്ലെന്നും അത് സ്വാതന്ത്ര്യമാക്കണമെന്നും അമിത് ഷാ പറഞ്ഞു. പോലീസ് യൂണിഫോമിൽ ശബരിമലയിൽ പാർട്ടി പ്രവർത്തകരെ കുത്തിക്കയറ്റിയില്ലേ എന്നും അമിത് ഷാ ചോദിച്ചു.
അമിത് ഷായുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ;-
കേരളം സാമൂഹ്യ പരിഷ്‌കർത്താക്കളുടെ ഭൂമിയാണ്. എൽഡിഎഫും യുഡിഎഫും ഈ ഭൂമിയെ തകർക്കുകയാണ്. ഒരു കാലത്ത് കേരളം അറിയപ്പെട്ടിരുന്നത് ഏറ്റവും വിദ്യാഭ്യാസമുള്ള നാട് എന്നായിരുന്നു. ഇവിടെ രണ്ട് മുന്നണികളും അഴിമതിയുടെ നാടാക്കി. കോൺഗ്രസ് വന്നാൽ സോളാർ അഴിമതി നടക്കും. ഇടത്പക്ഷം വന്നാൽ ഡോളർ അഴിമതിയുണ്ടാകും.
ഡോളർ സ്വർണ അഴിമതികളുടെ കാര്യം പറഞ്ഞാൽ പിണറായിക്ക് ഇഷ്‌ടപ്പെടുന്നില്ല. പിണറായിക്ക് ഉത്തരം പറയാതെ രക്ഷപെടാൻ കഴിയില്ല. സർക്കാർ ചിലവിൽ വിവാദ വനിതയെ വിദേശത്ത് കൊണ്ടു പോയില്ലേ? മുഖ്യമന്ത്രിയുടെ ഓഫിസിൽ കയറിയിറങ്ങിയല്ലേ? സ്വർണം പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് കസ്‌റ്റംസിന് മേൽ സമ്മർദ്ദമുണ്ടായല്ലോ? വേറെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നെങ്കിൽ നേരത്തേ രാജിവച്ചേനെ.
കമ്മ്യൂണിസം ലോകം മൊത്തം അവസാനിച്ചു. കോൺഗ്രസ് ഇന്ത്യയിൽ മുഴുവൻ അവസാനിച്ചു. കോൺഗ്രസുകാർ കേരളത്തിൽ മുസ്‌ലിം ലീഗിനൊപ്പം കൂടുകയാണ്. മഹാരാഷ്‌ട്രയിൽ ശിവസേനക്കൊപ്പം കൂടുന്നു. ഇതാണോ മതേതര പാർട്ടി. രാഹുൽ ഗാന്ധി കേരളത്തിൽ പിക്‌നികിന് വരികയാണെന്നും അമിത് ഷാ പരിഹസിച്ചു.
കേരളത്തിൽ പിക്‌നികിന് വരുന്ന രാഹുൽ ഗാന്ധി, നിങ്ങളുടെ സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ കേരളത്തിന് എന്ത് ചെയ്‌തു എന്ന് പറയണമെന്നും പറഞ്ഞു. കേരളത്തിന്റെ രക്ഷ മോദിയുടേയും ഇ ശ്രീധരന്റേയും നേതൃത്വത്തിലാണെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ വിഭാവനം ചെയ്‌തിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
Also Read: തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല; ചെന്നിത്തല








































