തിരുവനന്തപുരം: നേമത്ത് സിപിഎമ്മും കോൺഗ്രസും തമ്മിൽ ധാരണയാണെന്ന ആക്ഷേപവുമായി നേമത്തെ ബിജെപി സ്‌ഥാനാര്‍ഥി കുമ്മനം രാജശേഖരൻ. നേമത്ത് ബിജെപിയെ തോൽപ്പിക്കണം എന്ന് മാത്രമാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്. ആരെ ജയിപ്പിക്കണമെന്ന് പറയാത്തത് ഡീലിന്റെ ഭാഗമാണെന്ന് കുമ്മനം ആരോപിച്ചു.
കഴക്കൂട്ടം മണ്ഡലത്തിലടക്കം സിപിഎം അക്രമം അഴിച്ച് വിടുകയാണ്. മന്ത്രി മൽസരിക്കുന്ന മണ്ഡലത്തിൽ നിയമം നടപ്പാക്കാനോ അക്രമം ചെറുക്കാനോ പോലീസ് മുതിരുന്നില്ല. സിപിഎം നേതാക്കൾ പറയുന്നത് പോലെ അല്ല പോലീസ് പ്രവര്‍ത്തിക്കേണ്ടത്. സിപിഎമ്മിന് ഫാസിസ്‌റ്റ് രീതിയാണ്. പരാജയ ഭീതിയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു
സിപിഎം പ്രവര്‍ത്തകരാണ് അക്രമം അഴിച്ചു വിടുന്നതെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്നും ശോഭ സുരേന്ദ്രനും ആരോപിച്ചു. ചെമ്പഴന്തിയിൽ കഴിഞ്ഞ ദിവസം ഉണ്ടായത് ആസൂത്രിതമായ ആക്രമണം ആണ്. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണൽ സംഘങ്ങളാണ് ഇതിന് പിന്നിൽ. വ്യക്‌തിപരമായി ആക്രമിക്കാനാണോ സിപിഎം നീക്കമെന്നും ശോഭ സുരേന്ദ്രൻ വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു.
Also Read: ഒരു പാർട്ടിയോടും എതിർപ്പില്ല; തിരഞ്ഞെടുപ്പിൽ സമദൂര നയമെന്ന് ആവർത്തിച്ച് യാക്കോബായ സഭ







































