തിരുവനന്തപുരം: വ്യാജ വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും സ്‌കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ 8 മാസം പൂഴ്‌ത്തിവെച്ചുവെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് സംസ്‌ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ അറിയിച്ചു.
പൂഴ്‍ത്തിവെച്ച ധാന്യങ്ങൾ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ സ്വാധീനിക്കാൻ വിതരണം ചെയ്യാൻ ശ്രമിച്ചു. മെയ് മാസം നൽകേണ്ട ക്ഷേമപെൻഷനുകൾ ഏപ്രിൽ ആദ്യം തന്നെ വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതും വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു, ഷാഫി പറമ്പിൽ ആരോപിച്ചു.
ഒരേ നിയോജകമണ്ഡലത്തിലെ വിവിധ ബൂത്തുകളിലും സമീപ നിയോജക മണ്ഡലങ്ങളിലും ഒരേ വ്യക്‌തിയുടെ വോട്ടുകൾ ഉപയോഗിച്ച് ആയിരക്കണക്കിന് വ്യാജ വോട്ടുകളാണ് ചേർത്തത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഷാഫി പറഞ്ഞു.
അതേസമയം, കേരളത്തിലെ ഇരട്ട വോട്ടുകൾ മരവിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. യുഡിഎഫ് പ്രവർത്തകർ നടത്തിയ പരിശോധനയിൽ മൂന്നേകാൽ ലക്ഷത്തിലധികം വ്യാജ വോട്ടർമാരെ കണ്ടെത്തിയെന്നും വോട്ടർ പട്ടികയിൽ നിന്ന് അവരെ നീക്കം ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: എല്ലുകൾക്ക് പൊട്ടൽ; വേദനയോടെ ഒരു ദിവസം; തന്നെ കൊക്കയിലേക്ക് തള്ളിയെന്ന് പെൺകുട്ടി






































