കോട്ടയം: ലവ് ജിഹാദ് പരാമർശത്തിൽ തിരുത്തുമായി കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. വിഷയത്തിൽ മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റേതുമെന്ന് ജോസ് കെ മാണി പറഞ്ഞു.
നേരത്തെ ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നും പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. ഒരു എല്‍ഡിഎഫ് ഘടകക്ഷിയില്‍നിന്ന് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത് ഇതാദ്യമാണ്.
എന്നാൽ ജോസ് കെ മാണി പറഞ്ഞത് എൽഡിഎഫിന്റെ അഭിപ്രായമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൽഡിഎഫ് പറയാത്ത വിഷയം ആരും ഉയർത്തേണ്ട. മത മൗലികവാദികളുടെ അഭിപ്രായമാണ് ‘ലവ് ജിഹാദ്’ എന്ന് എല്ലാവർക്കും അറിയാം.
എൽഡിഎഫ് പ്രകടന പത്രികയിൽ ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. ഘടകകക്ഷികൾ ചർച്ചയാക്കേണ്ടത് പ്രകടന പത്രികയാണ്. ജോസ് കെ മാണി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് എൽഡിഎഫിനെ ബാധിക്കില്ലെന്നും കാനം വ്യക്തമാക്കി.
ജോസ് കെ മാണിയുടെ പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അങ്ങനെ പറഞ്ഞത് അറിഞ്ഞിട്ടില്ല. അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Read also: ഇരട്ട വോട്ട് പരാതി പതിനൊന്നാം മണിക്കൂറിൽ; ചെന്നിത്തലക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ








































