കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വോട്ടർമാരെ പണവും മദ്യവും മറ്റും നൽകി സ്വാധീനിക്കുന്നതു തടയാൻ കർശന നടപടിക്ക് കളക്ടറുടെ നിർദേശം. തിരഞ്ഞെടുപ്പിന്റെ അവസാന 72 മണിക്കൂറിൽ ജില്ലയിൽ വോട്ടർമാരെ പണവും മദ്യവും മറ്റും നൽകി സ്വാധീനിക്കുന്നതു തടയുന്നതിന് പരിശോധന കർശനമാക്കണം എന്നാണ് നിർദേശം.
ജില്ലയിലേക്കു നിയോഗിക്കപ്പെട്ട മൂന്ന് ചെലവു നിരീക്ഷകരുടെ സാന്നിധ്യത്തിൽ കളക്റ്ററേറ്റിൽ ചേർന്ന വിവിധ എന്ഫോഴ്സ്മെന്റ് ഏജൻസികളുടെ യോഗത്തിലാണു നിർദേശം നൽകിയിരിക്കുന്നത്. അന്തർ സംസ്ഥാന- അന്തർ ജില്ലാ അതിർത്തികളിലും തീരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പു ചെലവു നിരീക്ഷണത്തിനായി രൂപീകരിച്ച ഫ്ളയിങ് സ്ക്വാഡുകൾ, സർവേലൻസ് ടീമുകൾ എന്നിവക്ക് പുറമെ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, കസ്റ്റംസ്, ജിഎസ്ടി– ആദായ നികുതി വകുപ്പ് തുടങ്ങിയ വിഭാഗങ്ങളും അതീവ ജാഗ്രത പാലിക്കണണമെന്നു കളക്ടർ പറഞ്ഞു.
സംശയാസ്പദമായ ബാങ്ക് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും തുടരും. ഇതുവരെ അനധികൃതമായ അരക്കോടിയോളം രൂപയാണ് ജില്ലയിൽ നിന്ന് പിടിച്ചെടുത്തത്. യോഗത്തിൽ കളക്ടർ ടിവി സുഭാഷ്, ചെലവ് നിരീക്ഷകരായ മേഘ ഭാർഗവ, ബീരേന്ദ്ര കുമാർ, സുധാൻഷു ശേഖർ ഗൗതം, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, റൂറൽ എസ്പി നവനീത് ശർമ, ചെലവ് നിരീക്ഷണ നോഡൽ ഓഫീസർ കുഞ്ഞമ്പു നായർ എന്നിവർ പങ്കെടുത്തു.
Also Read: വ്യാജവോട്ട്; പരാതി നൽകി കണ്ണൂരിലെ ഇരട്ടകളും









































