തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചതിന് ശേഷവും രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ. വാക്സിൻ എടുത്തെന്ന കാരണത്താൽ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ വീഴ്ച പാടില്ലെന്നും വിദഗ്ധർ നിർദ്ദേശിച്ചു.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും പ്രതിദിനം രണ്ടര ലക്ഷം പേർക്ക് വാക്സിൻ നൽകുമെന്ന പ്രഖ്യാപനവും ഇതുവരെ നടപ്പാക്കാനായിട്ടില്ല. കൂടുതൽ കൃത്യമായി രോഗം സ്ഥിരീക്കാനാകുന്ന ആർടിപിസിആർ പരിശോധനകളുടെ എണ്ണവും കൂട്ടിയിട്ടില്ല.
മാർച്ച് മൂന്നിന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ വാക്സിനെടുത്തിട്ട് എന്ത് കാര്യം എന്ന ചിന്ത വേണ്ട. രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് രണ്ടാഴ്ച പിന്നിട്ടെങ്കിൽ മാത്രമേ പ്രതിരോധ ശേഷി കൈവരൂ എന്നതാണ് യാഥാർഥ്യം.
വാക്സിൻ എടുത്താലും കോവിഡ് വരാമെന്നും എന്നാൽ തീവ്രത കുറവായിരിക്കും എന്നുമുള്ള കാര്യം ജനങ്ങളിലേക്ക് എത്തിക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. തെറ്റായ പ്രചരണങ്ങൾ പിൻതുടർന്ന് വാക്സിൻ എടുക്കുന്നവരുടെ കാര്യത്തിൽ പുരോഗതിയില്ല.
സംസ്ഥാനത്ത് ഇന്നലെ 63,901 പരിശോധനകളാണ് ഇന്നലെ നടന്നത്. ഇതിൽ 29,712 എണ്ണം മാത്രമാണ് ആർടിപിസിആർ. ഒരു ലക്ഷം പരിശോധനകൾ നടത്തുമെന്നും അതിൽ 75 ശതമാനവും ആർടിപിസിആർ ആയിരിക്കുമെന്നുമുള്ള നിർദ്ദേശവും നടപ്പായിട്ടില്ല. കൃത്യത കുറവുള്ള ആന്റിജൻ പരിശോധനയെ ആശ്രയിക്കുന്നത് രോഗവ്യാപനം ഉയരാൻ ഇടയാക്കുമെന്ന് നേരത്തെ തന്നെ വിമർശനമുണ്ടായിരുന്നു.
Also Read: നവീൻ റസാഖ്-ജാനകി ഓംകുമാർ ഡാൻസ്; പിന്തുണച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ








































