നാദാപുരം: നരിക്കാട്ടേരിയിലെ പത്താം ക്ളാസ് വിദ്യാർഥി കറ്റാറത്ത് അസീസിന്റെ മരണത്തിൽ പുനരന്വേഷണം ആരംഭിച്ചു. നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ആത്മഹത്യയായി എഴുതി തള്ളിയതിന് പിന്നാലെ കൊലപാതകമാണെന്ന സൂചന നൽകുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതോടെ പുനരന്വേഷണത്തിന് റൂറൽ എസ്പി ഡോ.ശ്രീനിവാസൻ ഉത്തരവിടുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടുകാരിൽ നിന്ന് മൊഴിയെടുത്തു. അസീസിന്റെ വീട്ടുകാർ പഴയ മൊഴിയിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്നാണ് വിവരം. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന അസീസിന്റെ സഹോദരൻ സഫ്വാനെ രണ്ട് ദിവസം മുൻപ് നാട്ടിൽ എത്തിച്ചിരുന്നു.
ഇയാളെയും സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന സഹോദരിയെയും ശാസ്ത്രീയമായി ചോദ്യം ചെയ്താൽ വ്യക്തമായ തെളിവുകൾ ലഭിക്കുമെന്നാണ് നാട്ടുകാരും അയൽവാസികളും പറയുന്നത്. അസീസ് കൊല്ലപ്പെടുന്ന കഴിഞ്ഞ വർഷം മെയ് അഞ്ചിന് അയൽവാസിയായ കരയത്ത് ബിയ്യാത്തുവിന്റെ വീട്ടിൽ നാല് കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു. വീട്ടിൽ നിന്ന് വിളിക്കുന്നു എന്ന് പറഞ്ഞ് അവിടെ നിന്ന് പോയ അസീസ് വീട്ടിലെത്തി പതിനഞ്ച് മിനിറ്റുകൾക്കകം കൊല്ലപ്പെട്ട വിവരമാണ് പുറത്തറിയുന്നത്.
സാഹചര്യ തെളിവുകളെല്ലാം കുടുംബത്തിന് എതിരായിട്ടും പോലീസ് ശരിയായ അന്വേഷണം നടത്താൻ തയാറാകുന്നില്ല എന്ന് കർമസമിതി പ്രവർത്തകരും ആക്ഷേപം ഉന്നയിച്ചിരുന്നു.
Also Read: വെറുക്കാനാണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കാനാണ് തീരുമാനം; റാസ്പുടിന് ചുവട് വച്ച് കൂടുതൽ വിദ്യാർഥികൾ







































