ന്യൂഡെല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. എല്ലാ സംസ്‌ഥാനങ്ങളുടെയും നിലവിലെ അവസ്‌ഥ പരിശോധിക്കാന്‍ പാര്‍ലമെന്റ് സമ്മേളനം വേണമെന്ന് റാവത്ത് വ്യക്‌തമാക്കി. രാജ്യത്ത് യുദ്ധസമാന സാഹചര്യമാണെന്നും പ്രതിരോധ സംവിധാനത്തില്‍ എല്ലാവർക്കും ആശങ്കയുണ്ടെന്നും റാവത്ത് കൂട്ടിച്ചേർത്തു.
‘വിവിധ സംസ്‌ഥാനങ്ങളിലെ രാഷ്‌ട്രീയ നേതാക്കളുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്നത്. സംസ്‌ഥാനങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി മാറുകയാണ്. ഒരു പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്ത് എല്ലാവര്‍ക്കും തങ്ങളുടെ സംസ്‌ഥാനത്തെ സ്‌ഥിതി വെളിപ്പെടുത്താനുള്ള അവസരമൊരുക്കണം,’ റാവത്ത് പറഞ്ഞു.
രാജ്യത്തെ കോവിഡ് കേസുകൾ ദിനംപ്രതി കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട്‍ ലക്ഷം പിന്നിടുന്നത്. 1,618 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
Read also: കോവിഡ് വ്യാപനം; മമതാ ബാനർജിയുടെ കൊൽക്കത്തയിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി






































