തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാകും. പൊതു ഇടങ്ങളിൽ ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. എല്ലാ കടകളും 7.30ന് അടക്കണം. പാഴ്സൽ ഭക്ഷണ വിതരണ കൗണ്ടറുകൾ, അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകൾ എന്നിവക്ക് ഇളവുണ്ട്, 9 മണി വരെ പ്രവർത്തിക്കാം. സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാരെ മാത്രം അനുവദിക്കും. വാരാന്ത്യ നിയന്ത്രണങ്ങൾക്കുള്ള തയാറെടുപ്പുകളും വിവിധ വകുപ്പുകൾ ഇന്ന് ആരംഭിക്കും.
കോവിഡ് കൂട്ടപരിശോധന ഇന്നും തുടരും. 1,40,000 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം ശേഖരിച്ചത്. തൃശൂരിൽ 18,000ത്തിലേറെയും തിരുവനന്തപുരത്ത് 16,000ത്തിലേറെയും കോഴിക്കോട് 15,000ത്തിലേറെയും പരിശോധന നടന്നു. മൂന്ന് ലക്ഷം പേരെ പരിശോധിക്കുകയാണ് ലക്ഷ്യം.
വാക്സിൻ വിതരണം ശരിയായ രീതിയിലാകുമെന്ന് സർക്കാർ പറയുമ്പോഴും രണ്ടാം ഡോസ് രജിസ്ട്രേഷനും വാക്സിന്റെ ലഭ്യതയും വെല്ലുവിളിയായി തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് വാക്സിനേഷൻ സ്പോട് രജിസ്ട്രേഷൻ ഇല്ല. ഒന്നും രണ്ടും ഡോസുകൾ വേണ്ടവർ കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ക്യൂ ഒഴിവാക്കാനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ടോക്കൺ നൽകാവൂ എന്ന നിബന്ധനയുണ്ട്.
സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ മുഖേന രജിസ്ട്രേഷന് ജില്ലകൾ മുൻകൈ എടുക്കണമെന്നും നിർദ്ദേശമുണ്ട്. വാക്സിൻ ലഭ്യത അനുസരിച്ച് വെബ്സൈറ്റിൽ പ്രദർശിപ്പിക്കണം. ലഭ്യത പൊതുജനങ്ങളെ അറിയിക്കാൻ ജില്ലകൾ സംവിധാനം ഒരുക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
Also Read: വാക്സിനുകൾക്ക് കോവിഡിനെ തടയാനാകില്ല, ആഘാതം കുറയ്ക്കാനാകും; ശശിതരൂർ