കൊച്ചി: വൈറ്റിലയിൽ വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ മദ്യം നൽകി ബലാൽസംഗം ചെയ്‌ത സംഭവത്തിൽ പ്രതി ഒളിവിൽ. സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ജോലി ചെയ്‌ത് വിരമിച്ച വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ ശിവപ്രസാദാണ് (74) പ്രതി.
പീഡനത്തിനുശേഷം കുടുംബത്തോടൊപ്പം തീര്‍ഥാടനത്തിന് പോയ ഇയാൾ ഇപ്പോൾ ഒളിവിലാണ്. 22 വയസുകാരിയായ ഒഡിഷ സ്വദേശിയായ യുവതിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജ്യൂസിൽ മദ്യം കലര്‍ത്തി നൽകിയാണ് പീഡിപ്പിച്ചത്.
അമ്മ മരിച്ച യുവതി രണ്ടാനമ്മയുടെ നിർബന്ധത്തെ തുടർന്ന് 12 വയസ് മുതൽ വീട്ടു ജോലി ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബർ 4നാണ് കൊച്ചി വൈറ്റിലയിലെ ശിവപ്രസാദിന്റെ വീട്ടിൽ 15000 രൂപ മാസശമ്പളത്തിൽ യുവതി ജോലിക്കായി എത്തിയത്.
15ആം തീയതി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജ്യൂസിൽ മദ്യം കലര്‍ത്തി നൽകിയായിരുന്നു ശിവപ്രസാദ് പെൺകുട്ടിയെ അക്രമിച്ചത്. തുടർന്ന് പിറ്റേ ദിവസം ഇയാൾ യുവതിയെ വീട്ടിൽ തനിച്ചാക്കി കുടുംബത്തോടൊപ്പം തീര്‍ഥാടനത്തിന് പോകുകയും ചെയ്‌തുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ പീഡന വിവരം യുവതി തന്റെ ബന്ധുവിനെ അറിയിക്കുകയും ഇവർ പെരുമ്പാവൂർ ആസ്‌ഥാനമായി ഇതരസംസ്‌ഥാനക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയെ വിവരമറിയിക്കുകയും ആയിരുന്നു.
ജ്യൂസിൽ മദ്യം ചേർത്ത് നൽകിയതിന് പിന്നാലെ ഇയാൾ കടന്നുപിടിച്ചുവെന്നും ബോധം നഷ്‍ടമായ യുവതിക്ക് പിന്നീട് എന്താണ് നടന്നതെന്ന് അറിയില്ല എന്നുമാണ് പോലീസിന് നൽകിയ മൊഴി. പിന്നീട് നടത്തിയ വൈദ്യ പരിശോധനയിലാണ് പീഡന വിവരം വ്യക്‌തമാകുന്നത്.
സംഭവം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ഉയർന്ന പദവി വഹിച്ച വ്യക്‌തിയുടെ അറസ്‌റ്റ് വൈകുന്നതിൽ പ്രതിഷേധമുയരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം പ്രതി എറണാകുളം ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
KERALA | നവീൻ ബാബുവിന്റെ മരണം; ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് സിപിഎം