കാസർഗോഡ്: തൃക്കരിപ്പൂർ ഇകെ നായനാർ പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിന് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു അഭിജിത്ത്. ഇവരുടെ പരീക്ഷ നടക്കുന്ന സമയമാണ്. അഭിജിത്തിന്റെ കൈവശം മറ്റൊരു വിദ്യാർഥിയുടെ ഹാൾ ടിക്കറ്റ് ഉണ്ടായിരുന്നു.
ഇന്ന് രാവിലെ ഈ ഹാൾ ടിക്കറ്റ് വാങ്ങാനായി വിദ്യാർഥി ഹോസ്റ്റൽ മുറിയിലെത്തി. എന്നാൽ, വാതിലിൽ കുറെ നേരം തട്ടിവിളിച്ചിട്ടും അഭിജിത്ത് തുറന്നില്ല. ഇതോടെ മൊബൈലിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വിദ്യാർഥികൾ മുറിയുടെ ജനൽ തുറന്ന് നോക്കിയപ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അഭിജിത്തിനെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും കോളേജിലെത്തി.
Most Read| പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം; ചില പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശൻ





































