പാലക്കാട്: മാതാപിതാക്കൾക്ക് ഒപ്പം റോഡരികിൽ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് വയസുകാരിയെ എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച വയോധികനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. എരുത്തേമ്പതി വില്ലൂന്നി സ്വദേശി കന്തസ്വാമി (77) ആണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്. കല്ലുകൊത്ത് പണിക്കായി കേരളത്തിലേക്ക് വന്ന കർണാടക സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുള്ള മകളെയാണ് ഇയാൾ ചൂഷണത്തിന് ഇരയാക്കിയത്.
ഇന്ന് രാവിലെ അഞ്ചരയോടെ നടുപ്പുണിയിലാണ് സംഭവം. റോഡരികിൽ ഉറങ്ങി കിടക്കുകയായിരുന്ന ദമ്പതികൾക്ക് സമീപത്ത് നിന്നും കുട്ടിയെ എടുത്തു കൊണ്ടുപോയി 50 മീറ്റർ അകലെ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് മാതാപിതാക്കൾ വിവരമറിയുന്നത്. പിന്നാലെ പ്രതിയെ തടഞ്ഞുവെച്ചു പോലീസിൽ ഏൽപ്പിക്കുക ആയിരുന്നു.
തുടർന്ന് കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്‌തതായും വിദഗ്‌ധ ചികിൽസയ്‌ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു. കസ്‌റ്റഡിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
Most Read| 7.86 ലക്ഷം കൂടി അനുവദിച്ചു; മുഖ്യമന്ത്രിയുടെ ഓണസദ്യക്ക് ചിലവായത് 26.86 ലക്ഷം രൂപ