ന്യൂഡെൽഹി: വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. 48 മണിക്കൂർ പണിമുടക്കിൽ ബിഎംഎസ് ഒഴികെയുള്ള 20ഓളം സംഘടനകൾ പങ്കെടുക്കുന്നുണ്ട്. ഇന്ന് അർധരാത്രി തുടങ്ങി, 29ആം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. മോട്ടോർ വാഹന തൊഴിലാളികൾക്ക് പുറമെ കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാർ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാണ്.
പാല്, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന തൊഴിലാളികള്‍, ബാങ്ക്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കും. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനവും താളംതെറ്റും.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖല സ്വകാര്യവൽക്കരണം നിർത്തി വെക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കല്‍ക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാല്‍, ആദായ നികുതി, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിലാളി യൂണിയനുകള്‍ പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തില്‍ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാരന് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കും. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Most Read: സഹവർത്തിത്വം; ആരാധനാ മന്ദിരങ്ങൾക്ക് നിര്‍ണായകപങ്ക്; മന്ത്രി പിഎ മുഹമ്മദ് റിയാസ്








































