കോഴിക്കോട്: നാടിന്റെ സഹവര്‍ത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെയും ഗതി നിര്‍ണയിക്കുന്നതില്‍ ആരാധനാലയങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഒരു നാടിന്റെ സാംസ്‌കാരികവും വികസനപരവുമായ വളര്‍ച്ചയില്‍ ആരാധനാലയം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്.
കടലുണ്ടി കോര്‍ണിഷ് മസ്‌ജിദ് സമര്‍പ്പണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൈതൃക സമ്മേളനത്തിൽ ഉൽഘാടകനായി സംസാരിക്കവേയാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ. കടലുണ്ടി എന്ന ദേശം ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള ഇടമാണ്. ഇക്കാര്യം ബ്രിട്ടീഷ്, പോര്‍ച്ചുഗീസ് അധിനിവേശ ശക്‌തികൾക്കെതിരെ നടത്തിയ സമര പോരാട്ടങ്ങളുടെ രക്‌തം ചിന്തിയ മണ്ണ് സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും ചരിത്രങ്ങള്‍ തലമുറകള്‍ക്ക് കൈമാറുക വഴി സമൂഹത്തില്‍ ഐക്യവും ഒത്തൊരുമയും നിലനിര്‍ത്തുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോഹരമായ ആരാധനാ നിര്‍മിതിയില്‍ ഗവേഷണ കേന്ദ്രവും മ്യൂസിയവും ആധുനിക പഠന സംവിധാനങ്ങളും ഉള്‍പ്പെടുത്തുന്നതിന് നേതൃത്വം നൽകുന്ന ഖലീല്‍ ബുഖാരി തങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
മഅ്ദിന്‍ അക്കാദമി ചെയര്‍മാനും കടലുണ്ടി മഹല്ല് ഖാസിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പൈതൃക സന്ദേശ പ്രഭാഷണം നിർവഹിച്ചു. ഡോ. ഹുസൈന്‍ രണ്ടത്താണി, സൂര്യ അബ്‌ദുൽ ഗഫൂര്‍, എപി അബ്‌ദുൽ കരീം ഹാജി ചാലിയം, സീനത്ത് അബ്‌ദുറഷീദ് ഹാജി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, ഹംസക്കോയ ബാഖവി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, ഉമര്‍ മേല്‍മുറി, അപ്പോളോ ഉമര്‍ മുസ്‍ലിയാർ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ 9ന് കേരള തുറമുഖം വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ കോര്‍ണിഷ് ഓഡിറ്റോറിയം ഉൽഘാടനം നിർവഹിക്കും. എന്‍വി ബാവ ഹാജി കടലുണ്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. വൈകുന്നേരം 6.30ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ കോര്‍ണിഷ് മസ്‌ജിദ് നാടിന് സമർപ്പിക്കും.
സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഈ ചടങ്ങിൽ പ്രാർഥന നിർവഹിക്കും. സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‍ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‍ലിയാർ, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, കോടമ്പുഴ ബാവ മുസ്‌ലിയാർ, വണ്ടൂര്‍ അബ്‌ദുറഹ്‌മാൻ ഫൈസി, പൊൻമള മൊയിതീൻകുട്ടി ബാഖവി, പകര മുഹമ്മദ് അ്‌സനി, എപി അബ്‌ദുൽ കരീം ഹാജി ചാലിയം, മജീദ് കക്കാട്, സ്‌ട്രോംഗ് ലൈറ്റ് നാസര്‍ ഹാജി, ഈത്തപ്പഴം ബാവ ഹാജി എന്നിവര്‍ ചടങ്ങിൽ പ്രസംഗിക്കും.
Most Read: സ്‌കൂളുകൾ തുറക്കണം; അഫ്‌ഗാനിൽ താലിബാനെതിരെ പെൺകുട്ടികളുടെ പ്രതിഷേധം