കാബൂൾ: പെൺകുട്ടികളുടെ സെക്കണ്ടറി സ്‌കൂളുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് കാബൂളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം. അഫ്‌ഗാനിസ്‌ഥാനിൽ ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്‌കൂൾ കഴിഞ്ഞായാഴ്‌ച തുറന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ താലിബാൻ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി പെൺകുട്ടികൾ രംഗത്ത് ഇറങ്ങിയത്.
പുസ്‌തകങ്ങളും പ്ളക്കാർഡുകളുമായാണ് പെൺകുട്ടികൾ പ്രതിഷേധിച്ചത്. വിദ്യാഭ്യാസം മൗലികാവകാശമാണെന്നും നിങ്ങളുടെ രാഷ്‌ട്രീയ പദ്ധതിയല്ലെന്നും പെൺകുട്ടികൾ മുദ്രാവാക്യം മുഴക്കി. താലിബാൻ അംഗങ്ങൾ സ്‌ഥലത്ത് എത്തിയതിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞു പോയെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
കഴിഞ്ഞ ബുധനാഴ്‌ച പെൺകുട്ടികളുടെ സ്‌കൂളുകൾ തുറക്കുമെന്നാണ് താലിബാൻ പറഞ്ഞിരുന്നത്. എന്നാൽ തുറന്നതിന് പിന്നാലെ സ്‌കൂളുകളെല്ലാം അടച്ചു. ഇതിനുള്ള കാരണം വ്യക്‌തമാക്കിയിട്ടില്ല. പുതിയ ഉത്തരവ് വരുന്നതു വരെ ആറാം തരത്തിന് മുകളിലുള്ള ക്‌ളാസുകളിൽ പെൺകുട്ടികൾ വരേണ്ടതില്ലെന്നാണ് താലിബാന്റെ നിർദ്ദേശം.
അഫ്‌ഗാനിൽ താലിബാൻ അധികാരമേറ്റതോടെ സ്‌ത്രീകൾ കനത്ത മനുഷ്യാവകാശ ലംഘനമാണ് നേരിട്ടത്. താലിബാൻ അഫ്‌ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും പെൺകുട്ടികൾ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചതിനു പുറമേ സ്‌ത്രീകൾക്ക് സഞ്ചാര സ്വാന്തന്ത്ര്യവും ഉണ്ടായിരുന്നില്ല. പല സ്‌ത്രീകൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്ക് മടങ്ങിവരാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
Most Read: ‘പ്രതികരിക്കാൻ വൈകി’; വിനായകന്റെ വിവാദ പരാമർശത്തിന് എതിരെ നവ്യ നായർ