തിരുവനന്തപുരം: ആറു മാസം മാത്രം പ്രായമുള്ള ഹൃതികയെ അങ്ങനെ വിധിക്ക് വിട്ടുകൊടുക്കാൻ നാട് ഒരുക്കമായിരുന്നില്ല. അവൾക്കുവേണ്ടി നാടൊന്നാകെ കൈകോർത്തു. അങ്ങനെ ആ കുരുന്നിന്റെ വേദനകൾക്ക് പരിഹാരമാകേണ്ട ശസ്‌ത്രക്രിയക്കായി അഞ്ച് ദിവസം കൊണ്ട് നാട്ടുകാർ സമാഹരിച്ചത് 90 ലക്ഷം രൂപ.
നെടുമങ്ങാട് കരുപ്പൂര് സ്വദേശികളായ ശ്യാംലാലിന്റേയും, അമിതാകൃഷ്‌ണയുടേയും മകളാണ് ഹൃതിക. ലൂക്കോസൈറ്റ് അഡിഷൻ ഡെഫിനിഷ്യാ എന്ന ജനിതകരോഗമാണ് കുഞ്ഞിന്. മജ്‌ജ മാറ്റിവെക്കൽ ശസ്‌ത്രക്രിയക്കു വേണ്ടി വെല്ലൂരിലെ ആശുപത്രിയിൽ 50 ലക്ഷം രൂപ വേണ്ടിവരുമെന്ന് അറിഞ്ഞപ്പോൾ ശ്യാംലാലിന്റേയും, അമിതാകൃഷ്‌ണയുടേയും മനസിൽ ശൂന്യത മാത്രമായിരുന്നു.
പൂവുകെട്ടുന്ന വരുമാനത്തിൽനിന്നു ശസ്‌ത്രക്രിയക്കുള്ള വൻതുക കണ്ടെത്താൻ ആവാത്തതിനാൽ മകളെ രക്ഷിക്കാൻ ശ്യാംലാൽ സുമനസുകളുടെ സഹായം തേടി. ഹൃതികയുടെ ചികിൽസയുടെ വിവരങ്ങൾ മാദ്ധ്യമങ്ങളിൽ വാർത്തയായി. പിന്നെ താമസമുണ്ടായില്ല. പുഞ്ചിരിക്കുന്ന കുരുന്നിന്റെ മുഖം കാണാനായി ‘നെടുമങ്ങാട്’ ഒരുമിച്ചു.
ഹൃതികയുടെ മാതാപിതാക്കളുടെ മനസിലുണ്ടായ ശൂന്യതക്ക് വെറും അഞ്ച് ദിവസംകൊണ്ട് ‘നെടുമങ്ങാട്’ പരിഹാരം കണ്ടു. അഞ്ച് ദിവസങ്ങൾ കൊണ്ട് 90 ലക്ഷം രൂപ നാട് ഒന്നിച്ച് നിന്ന് സമാഹരിച്ചു. തിങ്കളാഴ്‌ച രാവിലെ ഹൃതികയും മാതാപിതാക്കളും വെല്ലൂരിലേക്ക് പോകും. വേദനകൾ മാറി കളിചിരികളുമായി ഈ കുരുന്ന് തിരിച്ചു വരുന്നതിന് പ്രാർഥനയിലാണ് നാടും നാട്ടുകാരും.
മകളുടെ ചികിൽസാ ചിലവിലേക്ക് ഓരോ രൂപയും തന്നുസഹായിച്ച നല്ല മനസുകൾക്ക് നന്ദി പറയുകയാണ് ശ്യാംലാലും, അമിതാകൃഷ്‌ണയും. ഹൃതികയുടെ ചികിൽസാ ചിലവുകൾ കഴിഞ്ഞുള്ള തുക അർഹതയുള്ള മറ്റ് രോഗികളെ കണ്ടെത്തി അവരുടെ ചികിൽസാ ആവശ്യങ്ങൾക്കായി നൽകുമെന്ന് ഹൃതികയുടെ പിതാവ് ശ്യാംലാൽ പറഞ്ഞു.
Most Read: ഈ ഭക്ഷണങ്ങൾ മുടി കൊഴിച്ചിലിന് കാരണമായേക്കാം








































