കീവ്: യുക്രൈനിൽ നിന്നുള്ള 150 ഇന്ത്യൻ വിദ്യാർഥികൾ ഹംഗറിയിലെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു. രണ്ടു മലയാളികൾ അടക്കമുള്ള വിദ്യാർഥികളാണ് ഹംഗറി എയർപോർട്ടിൽ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ ഇതുവരെ ഈ വിദ്യാർഥികളിലേക്ക് എത്തിയിട്ടില്ല.
അപകടകരമായ സ്‌ഥിതിയിലാണെന്ന് മലയാളി വിദ്യാർഥിനി ഗായത്രി മലബാർ ന്യൂസിനോട് പറഞ്ഞു. എയർപോർട്ടിൽ എത്തിയ സമയം മുതൽ ഇതുവരെ ഇന്ത്യൻ എംബസി അധികൃതർ തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തൊട്ടടുത്തുള്ള സ്‌ഥലങ്ങൾ പോലും ആർക്കും തന്നെ അറിയില്ല. ഇന്റർനെറ്റ് കണക്ഷൻ പോലും തകരാറിലാക്കുന്ന സ്‌ഥിതിയാണ് നിലവിലുള്ളത്.’; ഗായത്രി പറയുന്നു. ഹംഗറി എയർപോർട്ടിലെ ‘ബുഡ് ടെർമിനലിന്‘ മുന്നിലാണ് വിദ്യാർഥികൾ പെട്ടുകിടക്കുന്നത്.
യുക്രൈനിൽ സ്‌ഥിതി രൂക്ഷമാകുന്നതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർഥികൾ എത്രയും പെട്ടെന്ന് മടങ്ങണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഉടൻ തന്നെ മടങ്ങിയ വിദ്യാർഥികളാണ് ഇപ്പോൾ എയർപോർട്ടിന് മുന്നിൽ എന്തുചെയ്യണമെന്ന് അറിയാതെ കുടുങ്ങിക്കിടക്കുന്നത്.
നേരത്തെ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ സുരക്ഷിതമായി ഹംഗറിയിൽ എത്തിക്കുന്നതിന് ഇന്ത്യൻ എംബസി മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. സഹോണി- ഉസ്‌ഹോറോഡ് അതിർത്തി വഴിയാണ് ഇന്ത്യൻ വിദ്യാർഥികളെ ഹംഗറി തലസ്‌ഥാനമായ ബുഡാപെസ്‌റ്റിൽ എത്തിക്കുക. ഇതിനായി ഇന്ത്യൻ എംബസിയുടെ ഒരു യൂണിറ്റ് സഹോണിയിൽ പ്രവർത്തിക്കുന്നതായി ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. എങ്കിലും, എംബസിയുടെ പ്രതിനിധികൾ പോലും വിദ്യാർഥികളിലേക്ക് എത്തിയില്ല. നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും വിദ്യാർഥികൾ പറയുന്നു.
ഹംഗറിയിലെ കോൺസുലേറ്റ് ജനറലുമായി ഏകോപനം നടത്തിയാണ് വിദ്യാർഥികളെ സുരക്ഷിതമായി ബുഡാപെസ്‌റ്റിൽ എത്തിക്കുന്നത്. ബാച്ചുകളായി തിരിച്ചാണ് ഇവരെ അതിർത്തി കടത്തി ഇവിടെ എത്തിക്കുക. തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ നാട്ടിൽ എത്തിക്കുമെന്നുമാണ് ഇന്ത്യൻ എംബസിയുടെ മാർഗനിർദ്ദേശത്തിൽ വ്യക്‌തമാക്കിയിരിക്കുന്നത്. എന്നാൽ, റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയത് മുതൽ എംബസി തിരിഞ്ഞുനോക്കാത്ത അവസ്‌ഥയിലാണ് 150ഓളം വിദ്യാർഥികൾ. യുക്രൈനിൽ നിന്നെടുത്ത മൊബൈൽ കണക്ഷനായതിനാൽ ഹംഗറിയിൽ നിന്ന് എംബസിയെ ബന്ധപ്പെടാനും വിദ്യാർഥികൾക്ക് പ്രതിസന്ധി നേരിടുന്നുണ്ട്.
വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാനും വിദ്യാർഥികൾ ശ്രമിക്കുന്നുണ്ട്. മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സംവിധാനവും വിദ്യാർഥികൾ നിൽക്കുന്നിടത്ത് ഇല്ല. യുക്രൈനിലെ യുദ്ധസാഹചര്യത്തിനിടെ വളരെ ദൂരം താണ്ടിയാണ് വിദ്യാർഥികൾ ഹംഗറിയിലെ ബുഡാപെസ്‌റ്റ് എയർപോർട്ടിൽ എത്തിച്ചേർന്നത്. കനത്ത തണുപ്പിലും പുറത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് ഇവർ.
സാഹചര്യങ്ങൾ കൂടുതൽ മോശമാകുന്നതിന് മുൻപ് തങ്ങളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് വിദ്യാർഥികൾ അഭ്യർഥിച്ചു. വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽ പെടുത്തിക്കൊണ്ട്, വേൾഡ് എൻആർഐ കൗൺസിൽ കേന്ദ്ര സർക്കാരിനേയും ഹംഗറിയിലെ എംബസിയേയും ബന്ധപ്പെട്ടിട്ടുണ്ട്.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം