തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്ന് വർഷത്തേക്കാണ് നിയമനം. ബീന പോൾ വഹിച്ച സ്ഥാനത്തേക്കാണ് നിയമനം. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്.
സംവിധായകൻ കമലിന്റെ പിൻഗാമിയായാണ് രഞ്ജിത്തിന്റെ നിയമനം. 2016ൽ ആയിരുന്നു അദ്ദേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് പുതിയ നിയമനം. 1967 സെപ്റ്റംബർ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാർ മലയാള ചലച്ചിത്ര, ടെലിവിഷൻ സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് അദ്ദേഹം അഭിനയലോകത്ത് സജീവമാകുന്നത്.
ദൂരദർശനിൽ ചെയ്ത ‘ലമ്പു’ എന്ന സീരിയൽ കഥാപാത്രം ശ്രദ്ധനേടി. മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന അവാർഡ് അടക്കം സ്വന്തമാക്കി. പിഎ ബക്കർ സംവിധാനം ചെയ്ത ‘സഖാവ്’ ആയിരുന്നു ആദ്യചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിൽ പ്രേംകുമാർ സഹനടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തിൽ ജനപ്രിയനായ പ്രേംകുമാർ, 18 ചിത്രങ്ങളിൽ നായക വേഷത്തിൽ എത്തിയതടക്കം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Most Read: ഹിജാബ് ഇസ്ലാമിൽ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല; കർണാടക സർക്കാർ