കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സമയപരിധി അവസാനിച്ചെങ്കിലും ക്രൈം ബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കില്ല. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ഹരജി ഹൈക്കോടതി പരിഗണിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം. അന്വേഷണം പൂർത്തിയാക്കാൻ ഇനിയും മൂന്ന് മാസം വേണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണവും പൂർത്തിയാക്കി അന്തിമ റിപ്പോർട് മെയ് 30ന് വിചാരണക്കോടതിയിൽ സമർപ്പിക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ക്രൈം ബ്രാഞ്ച് നൽകിയ പുതിയ ഹരജി ഹൈക്കോടതി എന്ന് സമർപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആക്ഷേപമാണ് ഉന്നയിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചോർന്നുവെന്ന കണ്ടെത്തലിൽ അന്വേഷണം വേണ്ടെന്ന് വെച്ചത് കേട്ടുകേൾവി ഇല്ലാത്തതാണെന്ന് അന്വേഷണസംഘം പറയുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്നതിന് തെളിവ് ലഭിച്ചെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അനൂപിന്റെ മൊബൈൽ ഫോണുകളുടെ പരിശോധനയിലാണ് തെളിവ് കിട്ടിയതെന്നും ഈ സാഹചര്യത്തിൽ സൈബർ രേഖകളുടെ സൂക്ഷ്മ പരിശോധനക്ക് കൂടുതൽ സമയം വേണമെന്നുള്ള നിലപാടിലാണ് ക്രൈം ബ്രാഞ്ച്. ഇതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയും നാളെ വിചാരണ കോടതി പരിഗണിക്കും.
Most Read: വിമാനടിക്കറ്റ് റദ്ദാക്കി; വിജയ് ബാബുവിന്റെ മടങ്ങിവരവിൽ അവ്യക്തത







































