തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ പോലീസ് ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ ഇന്ന് രാവിലെ അന്വേഷണ സംഘം കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകും.
അതിനിടെ, ദിവ്യക്കുവേണ്ടി കഴിഞ്ഞ ദിവസം ഫയൽ ചെയ്‌ത ജാമ്യഹരജി ഇന്ന് തലശ്ശേരി സെഷൻസ് കോടതി പരിഗണിക്കും. പോലീസ് റിപ്പോർട് തേടിയ ശേഷമാകും വാദം കേൾക്കാനുള്ള ദിവസം തീരുമാനിക്കുക. ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.
അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്‌ടർ ഉയർത്തിയ വിവാദം കത്തിപ്പടരുമ്പോഴും സർക്കാരും റവന്യൂ വകുപ്പും മൗനം തുടരുകയാണ്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത 24ന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻമേൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അഭിപ്രായങ്ങൾ രേഖപ്പെടുത്തി മന്ത്രി കെ രാജന് കൈമാറിയിട്ടുണ്ട്.
നവീൻ ബാബു നല്ല ഉദ്യോഗസ്‌ഥനായിരുന്നു എന്ന് അഭിപ്രായപ്പെട്ട മന്ത്രി, മറ്റു കാര്യങ്ങൾ അന്വേഷണ റിപ്പോർട്ടിന് ശേഷം അറിയിക്കാമെന്നാണ് വ്യക്‌തമാക്കിയിരുന്നത്. എന്നാൽ, റവന്യൂ വകുപ്പ് നടത്തിയ വസ്‌തുതാ അന്വേഷണം ഇനി കോടതി നടപടികൾക്കും വിധേയമാക്കാമെന്നതിനാൽ റിപ്പോർട് പുറത്തുവിടാൻ ഇടയില്ലെന്നാണ് സൂചനകൾ.
യാത്രയയപ്പ് യോഗവും പിപി ദിവ്യയുടെ പരാമർശങ്ങളും എഡിഎമ്മിന്റെ മരണവും അന്വേഷണ വിഷയമായതിനാലാണിത്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ഫയൽ നീക്കങ്ങളിൽ എഡിഎമ്മിന് ക്ളീൻ ചിറ്റ് നൽകിയുള്ള റിപ്പോർട്ടാണ് ജോയിന്റ് കമ്മീഷണർ സമർപ്പിച്ചത്. റിപ്പോർട് ഇന്ന് മുഖ്യമന്ത്രിക്കും കൈമാറിയേക്കും.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ