തിരുവനന്തപുരം: അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്‌ധർ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തിയാണ് സാമ്പിൾ ശേഖരിച്ചത്. എന്നാൽ അനുപമയുടേയും അജിത്തിന്റേയും സാമ്പിളുകൾ എന്ന് ശേഖരിക്കുമെന്ന് വ്യക്‌തമല്ല. ഇതിനിടയിൽ ഡിഎൻഎ പരിശോധയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് കേസിലെ പരാതിക്കാരി അനുപമ എസ് ചന്ദ്രൻ ആരോപിച്ചു.
തെറ്റ് ചെയ്‌തുവെന്ന് ബോധ്യപ്പെട്ടവർക്ക് വീണ്ടും പരിശോധനയുടെ ഉത്തരവാദിത്വം കൊടുക്കുന്നത് തന്നെ മര്യാദകേടാണെന്ന് അനുപമ പറഞ്ഞു.
അവർക്ക് തന്നെ വീണ്ടും ഉത്തരവാദിത്വം കൊടുത്താൽ പ്രതികാര മനോഭാവത്തോടെയാകും പെരുമാറുക. എന്തുകൊണ്ടാണ് സാമ്പിളുകൾ ഒരുമിച്ച് എടുക്കാത്തത്? നേരത്തെ, ഒരു കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തിയതാണ്. അന്ന് ഒരുമിച്ചാണ് സാമ്പിൾ ശേഖരിച്ചത്; അനുപമ ചൂണ്ടിക്കാട്ടി.
കൂടാതെ തങ്ങളുടെ ഡിഎൻഎ പരിശോധനക്കായി എന്ന് സാമ്പിൾ എടുക്കും, എപ്പോൾ എടുക്കും, എങ്ങനെ എടുക്കും ഇങ്ങനെ ഒന്നിലും ഔദ്യോഗികമായ അറിയിപ്പ് തന്നിട്ടില്ലെന്നും അനുപമ പറഞ്ഞു. ഡിഎൻഎ പരിശോധക്കായി സാമ്പിൾ നൽകാൻ ഹാജരാകാൻ ഇതുവരെ അറിയിപ്പ് നൽകിയിട്ടില്ലെന്നും അവർ വ്യക്‌തമാക്കി.
‘കുഞ്ഞിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഉൽകണ്‌ഠ ഉണ്ടാകില്ലെ? ഡിഎൻഎ സാമ്പിൾ എടുക്കാൻ കൊണ്ടുവരുന്ന കുഞ്ഞ് എന്റെ തന്നെയാണോ എന്ന കാര്യത്തിൽ എന്തെങ്കിലും ഉറപ്പുണ്ടോ? വേറെ കുഞ്ഞിനെയല്ല കൊണ്ടുവരുന്നതെന്ന് എന്ത് ഉറപ്പ്? സാമ്പിൾ യോജിച്ചില്ലെങ്കിൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും? ഇക്കാര്യത്തിലെല്ലാം വലിയ വിഷമുണ്ട്’, അനുപമ പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ജില്ലാ ശിശുക്ഷേമസമിതി നിയോഗിച്ച പ്രത്യേകസംഘം ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്.
Most Read: മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കായലിൽ പോലീസ് പരിശോധന








































