തിരുവനന്തപുരം: ദത്ത് കേസിൽ നിർണായക വഴിത്തിരിവ്. ആന്ധ്രാ ദമ്പതികൾക്ക് കൈമാറിയ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. കേരളത്തിൽ നിന്നുപോയ ഉദ്യോഗസ്‌ഥ സംഘം കുഞ്ഞുമായി തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിയത്. തുടർന്ന് കുട്ടിയെ നിർമ്മല ശിശുഭവനിൽ എത്തിച്ചു.
നേരത്തെ അനുപമ എസ് ചന്ദ്രന്റെ പരാതിയെ തുടർന്ന് കുഞ്ഞിനെ ഡിഎൻഎ ടെസ്‌റ്റ് നടത്താനായി അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോടതിയുടെ അനുമതിയോടു കൂടിയാണ് കുഞ്ഞിനെ തിരികെയെത്തിക്കാൻ ഉദ്യോഗസ്‌ഥർ ആന്ധ്രയിലേക്ക് തിരിച്ചത്.
ദത്ത് നടപടിയുടെ ആദ്യഘട്ടമായ ‘സംരക്ഷണം ഏറ്റെടുക്കൽ’ നടപടിയുടെ ഭാഗമായി ആന്ധ്രയിലെ ദമ്പതികൾ കുഞ്ഞിനെ ഏറ്റെടുത്തിരുന്നു. ഈ ദമ്പതികളാണ് കേരളത്തിൽ നിന്നെത്തിയ ഉദ്യോഗസ്‌ഥ സംഘത്തിന് കുഞ്ഞിനെ കൈമാറിയത്.
ഇന്നലെ വൈകിട്ടോടെ തന്നെ ആന്ധ്രയിലെ ദമ്പതികളുടെ വീട്ടിൽ ഉദ്യോഗസ്‌ഥർ എത്തിയിരുന്നു. നിയമപരമായ പേപ്പറുകളിൽ ഒപ്പുവെച്ചശേഷമാണ് കുഞ്ഞിനെ കൈമാറിയത്. സ്‌പെഷല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെട്ട സംഘവും കുഞ്ഞിന് സുരക്ഷ ഒരുക്കി ഉദ്യോഗസ്‌ഥർക്കൊപ്പം ഉണ്ടായിരുന്നു.
Most Read: ഭക്ഷണ ശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും ഒഴിവാക്കണം; ബിജെപി