കിങ്‌സ്‌ടൗൺ: ചരിത്രത്തിൽ ആദ്യമായി അഫ്‌ഗാനിസ്‌ഥാൻ ട്വിന്റി20 ലോകകപ്പ് സെമിയിൽ. ബംഗ്ളാദേശിനെതിരെ എട്ട് റൺസ് വിജയമാണ് അഫ്‌ഗാനിസ്‌ഥാൻ നേടിയത്. ഇതോടെ, ഒന്നാം ഗ്രൂപ്പിൽ നിന്നും രണ്ടാം സ്‌ഥാനക്കാരായി അഫ്‌ഗാനിസ്‌ഥാൻ സെമിയിലെത്തി. ഓസ്ട്രേലിയ പുറത്തായി. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ അഫ്‌ഗാന് നാല് പോയിന്റായി. മൂന്നാമതുള്ള ഓസ്ട്രേലിയക്ക് രണ്ട് പോയിന്റ് മാത്രമാണുള്ളത്.
ഇന്ത്യക്കെതിരായ അവസാന മൽസരം തോറ്റതാണ് ഓസീസിന് തിരിച്ചടിയായത്. ട്വിന്റി20 ലോകകപ്പ് ചരിത്രത്തിൽ അഫ്‌ഗാനിസ്‌ഥാന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ആദ്യ ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്‌ഥാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്‌ടത്തിൽ 115 റൺസ് എടുത്തിരുന്നു. മഴ കാരണം ബംഗ്ളാദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 റൺസായി വെട്ടിച്ചുരുക്കി.
എന്നാൽ, 17.5 ഓവറിൽ 105 റൺസെടുത്ത് ബംഗ്ളാദേശ് പുറത്തായി. സൂപ്പർ 8ലെ ഒരു കളിയും ജയിക്കാൻ സാധിക്കാതെയാണ് ബംഗ്ളാദേശ് മടങ്ങുന്നത്. 3.5 ഓവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ നവീൻ ഉൾ ഹഖാണ് കളിയിലെ താരം. ക്യാപ്റ്റൻ റാഷിദ് ഖാനും അഫ്‌ഗാനിസ്‌ഥാന് വേണ്ടി നാല് വിക്കറ്റുകൾ സ്വന്തമാക്കി. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് അഫ്‌ഗാനിസ്‌ഥാന്റെ എതിരാളി. 27ന് രാവിലെ ആറുമണിക്കാണ് മൽസരം.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്