എഐ ക്യാമറ ഇടപാട്; കെൽട്രോണിൽ ഇൻകം ടാക്‌സ് പരിശോധന

കരാർ, ഉപകരാർ ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് പരിശോധന നടത്തുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നും വിവരമുണ്ട്. അതിനിടെ, വിവാദ ക്യാമറാ ഇടപാട് അന്വേഷിക്കുന്ന വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ റവന്യൂ സെക്രട്ടറിയായി നിയമിച്ചു.

By Trainee Reporter, Malabar News
keltron
Ajwa Travels

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് കെൽട്രോണിൽ ഇൻകം ടാക്‌സ് പരിശോധന. ഇന്ന് രാവിലെ 10.15ഓടെയാണ് പത്ത് പേരടങ്ങുന്ന ആദായ നികുതി വകുപ്പ് സംഘം കെൽട്രോൺ ഓഫീസിലെത്തിയത്. കരാർ, ഉപകരാർ ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് പരിശോധന നടത്തുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നും വിവരമുണ്ട്.

കെൽട്രോൺ മുൻകൈയെടുത്ത് നടത്തിയ എഐ ക്യാമറ പദ്ധതിയുടെ തുടക്കം മുതൽ തന്നെ വിവാദം ഉണ്ടായിരുന്നു. സർക്കാർ വകുപ്പിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്‌തമായ മാർഗനിർദ്ദേശം ധനവകുപ്പ് ഇറക്കിയത്. വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനം എങ്കിലും അക്രഡിറ്റഡ് ഏജൻസിയുടേത് ആയിരിക്കണമെന്നും, 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ അക്രഡിറ്റഡ് ഏജൻസിക്ക് കരാർ നൽകരുതെന്നും ധനവകുപ്പ് നിർദ്ദേശം നിലവിലുണ്ട്.

എന്നാൽ, ഇത് വകവെക്കാതെ അഞ്ചു ശതമാനം പങ്കുപോലും ഇല്ലാതെയാണ് കെൽട്രോൺ പദ്ധതി നടപ്പാക്കിയത്. എസ്ആർഐടിക്ക് കരാർ നൽകിയത് ഗതാഗത വകുപ്പ് പോലും അറിഞ്ഞിരുന്നില്ല. കരാറും ഉപകരാറും കുഴഞ്ഞു മറിഞ്ഞു ക്യാമറകൾ സ്‌ഥാപിച്ചു. തുടർന്നാണ് വിവാദം ഉടലെടുത്തത്. അതിനിടെ, വിവാദ ക്യാമറാ ഇടപാട് അന്വേഷിക്കുന്ന വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ റവന്യൂ സെക്രട്ടറിയായി നിയമിച്ചു. റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്‌ഥാനത്തേക്കാണ് നിയമനം.

ക്യാമറ ഇടപാടിൽ അന്വേഷണം പൂർത്തിയാകും മുമ്പാണ് പുതിയ നിയമനം. സുമൻ ബില്ല വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. സംസ്‌ഥാനത്ത്‌ ഐഎഎസ് തലപ്പത്തുള്ള മാറ്റങ്ങളെ തുടർന്നാണ് പുതിയ സ്‌ഥാനമെന്നാണ് വിവരം. റോഡ് ക്യാമറാ വിവാദത്തിൽ കരാറിനെ കുറിച്ചുള്ള അന്വേഷണ റിപ്പോർട് ഈ ആഴ്‌ച സമർപ്പിക്കാനിരിക്കെയാണ് മാറ്റം. എന്നാൽ, റിപ്പോർട് സമർപ്പിക്കുന്നതിനായി കരാറെടുത്ത എസ്ആർഐടി, ഉപകരാർ കമ്പനികൾ എന്നിവയിൽ നിന്ന് തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.

അതേസമയം, സ്‌ഥാനമാറ്റം അന്വേഷണത്തിന് തടസമാകില്ലെന്നും രണ്ടു ദിവസത്തിനകം റിപ്പോർട് സമർപ്പിക്കുമെന്നും മുഹമ്മദ് ഹനീഷ് പ്രതികരിച്ചു. മറ്റു മാറ്റങ്ങൾ:

  • ചീഫ് സെക്രട്ടറി വിപി ജോയിക്ക് ഔദ്യോഗിക ഭാഷയുടെ ചുമതല നൽകി. ആദ്യമായാണ് ഇദ്ദേഹത്തിന് ഒരു വകുപ്പിന്റെ ചുമതല നൽകുന്നത്.
  • തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശർമ്മിള മേരി ജോസഫിന് സാമൂഹ്യനീതി വകുപ്പിന്റെ അധിക ചുമതല നൽകി.
  • സഹകരണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മിനി ആന്റണിക്ക് ന്യൂനപക്ഷ ക്ഷേമത്തിന്റെ അധിക ചുമതല നൽകി.
  • ഐടി വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന രത്തൻ ഖേൽക്കർക്ക് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല നൽകി.
  • തൊഴിൽ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന അജിത്ത് കുമാറിന് കയർ,കൈത്തറി, കശുവണ്ടി വ്യവസായ വകുപ്പിന്റെ അധിക ചുമതല നൽകി.
  • കാസർഗോഡ് കളക്‌ടർ ആയിരുന്ന ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിനെ കേരള വാട്ടർ അതോറിറ്റിയുടെ എംഡിയായി നിയമിച്ചു. കെ ഇൻബശേഖർ കാസർഗോഡ് കളക്‌ടറാകും.
  • പ്രവേശന പരീക്ഷ കമ്മീഷണറായി അരുൺ കെ വിജയനെ നിയമിച്ചു.
  • രജിസ്ട്രേഷൻ വകുപ് ഐജിയായി കണ്ണൂർ ജില്ലാ വികസന കമ്മീഷണർ മേഘശ്രീയെ നിയമിച്ചു.

Most Read: താനൂർ ബോട്ടപകടം; മുഖ്യമന്ത്രി പരപ്പനങ്ങാടിയിൽ- മരിച്ചവരുടെ വീടുകൾ സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE