തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹെവി വാഹനങ്ങളിൽ നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്‌റ്റേജ് കാരിയേജ് ഉൾപ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഡ്രൈവറുടെ നിരയിലെ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തിൽ സീറ്റ് ബെൽറ്റും, സ്‌റ്റേജ് കാരിയേജുകൾക്ക് ഉള്ളിലും പുറത്തും ക്യാമറകൾ ഘടിക്കണമെന്ന ഉത്തരവും നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സീറ്റ് ബെൽറ്റും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങൾക്ക് മാത്രമേ നവംബർ ഒന്ന് മുതൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകാവൂവെന്നും മന്ത്രി ഉത്തരവിട്ടു. ലോറികളിൽ മുമ്പിലിരിക്കുന്ന രണ്ടു യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. ബസുകളിൽ ക്യാബിനുണ്ടെങ്കിൽ മുൻവശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിക്കണം. കാബിനില്ലാത്ത ബസാണെങ്കിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ബെൽറ്റ് ധരിക്കണം. കെഎസ്ആർടിസി ബസുകളിൽ പഴയ രീതിയിലുള്ള സീറ്റുകളാണുള്ളത്. ഇതിലെല്ലാം ബെൽറ്റ് ഘടിപ്പിക്കേണ്ടി വരും.
അതിനിടെ, ഡീസൽ ഓട്ടോറിക്ഷകൾ മറ്റു ഹരിത ഇന്ധനങ്ങളിലേക്ക് മാറാനുള്ള കാലപരിധി 22 വർഷമായി ദീർഘിപ്പിച്ചു നൽകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. നിലവിൽ 15 വർഷം പൂർത്തിയായ ഓട്ടോറിക്ഷകൾ മറ്റു ഹരിത ഇന്ധനങ്ങളിലേക്ക് മാറേണ്ടതുണ്ട്. ഡീസൽ ഓട്ടോറിക്ഷകൾ ഹരിത ഇന്ധനത്തിലേക്ക് മാറ്റാൻ ആവശ്യമായ കാലതാമസം നേരിടുന്നത് കണക്കിലെടുത്താണ് നടപടി.
Most Read| ‘ചരിത്രം നമ്മളെ വിധിക്കും’; സമാധാന ആഹ്വാനവുമായി അന്റോണിയോ ഗുട്ടെറസ്