തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് കോടതി. ജൂൺ 13ന് ഹാജരാകാൻ പ്രതികൾക്ക് കോടതി സമൻസ് അയച്ചു. തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിന്റേതാണ് ഉത്തരവ്. ആക്രമണത്തിന് കാരണം കോൺഗ്രസ് ഓഫീസ് അക്രമിച്ചതിന്റെ പ്രതികാരമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരാണ് കേസിലെ പ്രതി പട്ടികയിലുള്ളത്. ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് സുഹൈലിനെയും നവ്യയെയും ക്രൈം ബ്രാഞ്ച് പ്രതി പട്ടികയിൽ ചേർത്തിരിക്കുന്നത്.
2022 ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിന് സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്‌തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7 പോലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആൾ സ്‌ഫോടക വസ്‌തു എറിയുകയായിരുന്നു. ഭരിക്കുന്ന പാർട്ടിയുടെ സംസ്‌ഥാന കമ്മിറ്റി ആസ്‌ഥാനത്തെ ആക്രമണം വൻ വിവാദമായി കത്തിപ്പടർന്നിരുന്നു.
സ്‌ഫോടക വസ്‌തു എറിയാനായി ഉപയോഗിച്ച സ്‌കൂട്ടർ സുഹൈൽ ഷാജഹാന്റെ ഡ്രൈവറുടെതാണ് എന്നാണ് പോലീസ് വിശദീകരണം. ആക്രമണം നടത്താൻ പ്രതി ജിതിൻ ഉപയോഗിച്ച ഈ സ്‌കൂട്ടർ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്നും പൊലീസ് പറയുന്നു. ആക്രമണം നടന്ന ദിവസം ഈ സ്‌കൂട്ടര്‍ ഗൗരിശ പട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ നവ്യയാണെന്നാണ് പോലീസ് വിശദീകരണം.
ഈ സ്‌കൂട്ടറോടിച്ചാണ് എകെജി സെന്ററിലെത്തി ജിതിൻ സ്‌ഫോടക വസ്‌തു എറിഞ്ഞത്. ആക്രമണത്തിന് ശേഷം ഗൗരിശപട്ടത്ത് മടങ്ങിയെത്തിയ ജിതിന്‍ നവ്യക്ക് സ്‌കൂട്ടര്‍ കൈമാറിയ ശേഷം സ്വന്തം കാറില്‍ പിന്നീട് യാത്ര ചെയ്‌തെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
Most Read| സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തി; കണ്ണൂരിൽ എയർഹോസ്‌റ്റസ് പിടിയിൽ