തിരുവനന്തപുരം: മുൻ മന്ത്രി കെടി ജലീലിനെതിരെ ലോകായുക്‌തയിൽ കോടതിയലക്ഷ്യ ഹരജി. ലോയേഴ്‌സ് കോൺഗ്രസ് ആണ് ഹരജി ഫയൽ ചെയ്‌തത്. കെടി ജലീലിനെതിരെ സംസ്‌ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
ലോകായുക്‌ത ജസ്‌റ്റിസിനെ വ്യക്‌തിപരമായി വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്‌റ്റുകളുടെ അടിസ്‌ഥാനത്തിലാണ് ഹരജി. ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ലോകായുക്‌തയെ മനപൂര്‍വം ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെടി ജലീലിന്റെ പോസ്‌റ്റ്. കെടി ജലീല്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് നിയമപരമായ തെളിവുകളില്ല. ജലീലിനെതിരേ കോടതിയലക്ഷ്യം ചുമത്തണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. നിയമനടപടി സ്വീകരിക്കണമെന്നാണ് സംസ്‌ഥാന പോലീസ് മേധാവിക്കും കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞദിവസമാണ് ലോകായുക്‌തയെ കടന്നാക്രമിച്ച് കെടി ജലീല്‍ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. തക്കപ്രതിഫലം കിട്ടിയാല്‍ ലോകായുക്‌ത എന്ത് കടുംകൈയും ആര്‍ക്ക് വേണ്ടിയും ചെയ്യും. പിണറായി വിജയനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്‌ത എന്നും കെടി ജലീല്‍ ആരോപിക്കുന്നു. ജസ്‌റ്റിസ് സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജലീലിന്റെ ആരോപണം.
ജലീലിന് മന്ത്രിസ്‌ഥാനം രാജിവെക്കേണ്ടിവന്ന വിധിന്യായം പുറപ്പെടുവിച്ചത് സിറിയക് ജോസഫ് ലോകായുക്‌തയായി ഇരിക്കുമ്പോഴാണ്. ലോകായുക്‌തയുടെ അധികാരം ദുര്‍ബലപ്പെടുത്തുന്ന ഭേദഗതികളോടെ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വിവാദമായിരിക്കുന്ന ഘട്ടത്തിലാണ് ജലീല്‍ ആരോപണവുമായി രംഗത്തുവരുന്നത്.
Also Read: കോഴിക്കോട് പ്രതി ചാടിപ്പോയ സംഭവം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ