തിരുവനന്തപുരം: കള്ളവോട്ടുമായി ബന്ധപ്പെട്ട് സ്വയംവെട്ടിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർഗോഡ് ഉദുമയിൽ അഞ്ച് വോട്ട് ഉണ്ടെന്ന് ആരോപിച്ച കുമാരിയും കുടുംബവും തങ്ങൾ കോൺഗസ് അനുഭാവികളാണെന്ന് പറഞ്ഞ് രംഗത്തെത്തി. കാര്യമറിയാതെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണമെന്നും കുമാരിയുടെ ഭർത്താവ് വ്യക്തമാക്കി.
കാസർഗോഡ് ഉദുമ മണ്ഡലത്തിൽ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തിൽ അഞ്ചുതവണ ചേർക്കപ്പെട്ടിരിക്കുകയാണെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ടറൽ ഐഡി കാർഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം.
എന്നാൽ വോട്ട് വിവരം അറിഞ്ഞിരുന്നില്ലെന്ന് കുമാരിയും ഭർത്താവും വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം കാര്യം അറിയാതെയാണ്. വോട്ട് ചേർക്കാൻ തങ്ങളെ സഹായിച്ചത് പ്രാദേശിക കോൺഗ്രസ് നേതൃത്വമാണെന്നും കുടുംബം പറഞ്ഞു.
താനിപ്പോഴാണ് കാര്യം അറിയുന്നതെന്ന് കുമാരി പറഞ്ഞു. കോൺഗ്രസ് അനുകൂല കുടുംബമാണ് തങ്ങളുടേതെന്നും അവർ പറഞ്ഞു. പെരിയ നാലപ്ര കോളനിയിലാണ് താമസിക്കുന്നത്. 13 വർഷത്തിനിടെ അകെ രണ്ട് തവണയാണ് വോട്ട് രേഖപ്പെടുത്തിയത്, അവർ കൂട്ടിച്ചേർത്തു. അതേസമയം, ആരോപണം ഉന്നയിക്കുന്നതിന് മുൻപ് കോൺഗ്രസ് സംസ്ഥാന നേതൃത്വം കാര്യങ്ങൾ അന്വേഷിച്ചില്ലെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വവും പറഞ്ഞു.
Read also: കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ തള്ളി കെ സുധാകരൻ







































