കോഴിക്കോട്: ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ച് ട്യൂഷൻ സെന്ററിലെ വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. നടക്കാവിലെ എക്സ്പെർട്സ് അക്കാദമിയിൽ എസ്എസ്എൽസി കോഴ്സിന് പഠിക്കുന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്ചയാണ് സംഭവം. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാതാപിതാക്കൾ ഗൾഫിലായതിനാൽ മുത്തച്ഛനൊപ്പമാണ് വിദ്യാർഥി താമസിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് റഫാസ് ലീഗൽ സൊല്യൂഷന് കീഴിലുള്ള അക്കാദമിയിൽ കോഴ്സിന് ചേർന്നത്. 10,000 രൂപ ഫീസും അടച്ചിരുന്നു. എന്നാൽ, ക്ളാസുകൾ കൃത്യമായി നടക്കാത്ത വിവരം വിദ്യാർഥി അച്ഛനെ വിളിച്ചറിയിച്ചിരുന്നു.
ഫോണിലൂടെ ട്യൂഷൻ സെന്ററുമായി ബന്ധപ്പെട്ടെങ്കിലും മോശമായ പ്രതികരണമാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് പിതാവ് പറഞ്ഞു. ഇതിന് ശേഷമാണ് ഹോം വർക്ക് ചെയ്തില്ലെന്നാരോപിച്ച് വിദ്യാർഥിയെ മർദ്ദിച്ചത്. എന്നാൽ, കുട്ടികൾ തമ്മിലാണ് പ്രശ്നം ഉണ്ടായതെന്നും അതിൽ അധ്യാപകർ ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കുകയായിരുന്നുവെന്നും ട്യൂഷൻ സെന്റർ അധികൃതർ പറഞ്ഞു.
Most Read: ശബരിമല; മകര വിളക്കിന് കൂടുതൽ പേർക്ക് സന്നിധാനത്ത് തങ്ങാൻ അനുമതി





































