തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് വായ്‌പ കിട്ടാത്തതിനെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട്. പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് തൃശൂരിലെ മജ്‌ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്‌റ്റ് അറിയിച്ചു.
പെണ്‍കുട്ടിക്ക് വിവാഹ സമ്മാനമായി അഞ്ച് പവന്‍ നല്‍കുമെന്ന് കല്യാണ്‍ ജുവലേഴ്‌സും മൂന്ന് പവന്‍ സമ്മാനമായി നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും അറിയിച്ചിട്ടുണ്ട്.
അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തോട് സ്‍ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്‍ പ്രതികരിച്ചു. പണത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞിരുന്നില്ല. വിവാഹത്തില്‍ നിന്ന് പിൻമാറില്ലെന്നും വരന്‍ പ്രതികരിച്ചു.
തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് ആത്‍മഹത്യ ചെയ്‌തത്. സഹോദരിയുടെ വിവാഹം നടത്താനുള്ള ബാങ്ക് വായ്‌പ കിട്ടാത്തതിലെ മാനസിക വിഷമത്താലാണ് ആത്‍മഹത്യയെന്നാണ് നിഗമനം. സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി വായ്‌പ തേടിയിരുന്നു. എന്നാൽ അത് ലഭിച്ചില്ല.
ഇതിനിടെ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം എടുക്കാൻ വിപിനും കുടുംബവും ജ്വല്ലറിയിൽ എത്തി. അമ്മയെയും സഹോദരിയെയും ജ്വല്ലറിയിൽ ഇരുത്തി പണമെടുക്കാൻ പോയ വിപിൻ പിന്നീട് മടങ്ങി വന്നില്ല. സ്വർണമെടുത്തിട്ട് വിപിനെ പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും തുടർന്ന് വീട്ടിലെത്തിയപ്പോൾ വിപിൻ ആത്‍മഹത്യ ചെയ്‌ത നിലയിലായിരുന്നു എന്നും സഹോദരി പ്രതികരിച്ചു.
അഞ്ച് വർഷം മുൻപ് പിതാവ് മരിച്ചതിനു ശേഷം കുടുംബത്തിന്റെ ചുമതലകളെല്ലാം നിർവഹിച്ചിരുന്നത് വിപിൻ ആയിരുന്നു. ഈ ഞായറാഴ്‌ചയാണ് സഹോദരിയുടെ വിവാഹം നടത്താൻ നിശ്‌ചയിച്ചിരുന്നത്.
Read Also: സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്








































