കൊച്ചി: ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളേജിൽ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റുമോർട്ടം നടത്തുക. അതേസമയം, അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി റിനൈ മെഡിസിറ്റിയില്‍ നിന്നും പോലീസും സാമൂഹ്യനീതി വകുപ്പ് അധികൃതരും വിവരങ്ങള്‍ ശേഖരിക്കും.
ചോവ്വാഴ്ചയാണ് കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും നിയമസഭയിലേക്ക് മൽസരിക്കാന്‍ ആദ്യമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുമായ അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊച്ചിയിലെ ഫ്ളാറ്റിലാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം പെരുമണ്‍ സ്വദേശിനിയാണ്.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി അനന്യ അടുത്തിടെ ആരോപണം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം. കഴിഞ്ഞ വർഷമായിരുന്നു അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ല എന്നായിരുന്നു യുവതിയുടെ പരാതി.
നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റുനിൽക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞിരുന്നു. എറണാകുളം റിനൈ മെഡിസിറ്റിയില്‍ നിന്നാണ് ശസ്ത്രക്രിയ ചെയ്തതെന്നും എന്നാല്‍ പിഴവുണ്ടായതായും ഇവർ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, അനന്യയുടെ ആരോപണം തള്ളിക്കൊണ്ട് ഇന്നലെ ആശുപത്രി അധികൃതർ രംഗത്തെത്തി. അനന്യ ആരോപിച്ചത് പോലുള്ള പിഴവ് ചികിൽസയില്‍ സംഭവിച്ചിട്ടില്ലെന്നാണ് റിനൈ മെഡിസിറ്റി അധികൃതരുടെ വാദം.
ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തി അത് അനന്യയെ ബോധ്യപ്പെടുത്തിയതാണ് എന്ന് റിനൈ മെഡിസിറ്റി വിശദീകരണകുറിപ്പില്‍ പറയുന്നു. റിനൈ മെഡിസിറ്റിയേയും ഡോ. അര്ജുന്, ഡോ. മധു, മറ്റ് ആശുപത്രി ഉദ്യോഗസ്ഥര്‍ എന്നിവരെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും സുഹൃത്ത് വലയത്തിലൂടെയും അപമാനിക്കുമെന്ന് അനന്യ വെല്ലുവിളിച്ചിരുന്നെന്നും ആശുപത്രി പിആര്‍ഒ കഴിഞ്ഞ ദിവസം വാർത്താ കുറിപ്പിൽ ആരോപിച്ചിരുന്നു.
Most Read: നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ശശീന്ദ്രന്റെ രാജിക്കായി അടിയന്തരപ്രമേയം








































