ടോക്കിയോ: ജപ്പാനിൽ കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം കണ്ടെത്തി. ബ്രസീലിൽ നിന്ന് രാജ്യത്തേക്കെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുകെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നേരത്തെ റിപ്പോർട് ചെയ്ത വൈറസ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ജപ്പാനിൽ കണ്ടെത്തിയ പുതിയ വൈറസ്.
ബ്രസീലിൽ നിന്നെത്തിയ 40കാരനും 30കാരിക്കും രണ്ട് കൗമാരക്കാർക്കും വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം പറഞ്ഞു. ലോകാരോഗ്യ സംഘടനയും മറ്റ് രാജ്യങ്ങളുമായും ചേർന്ന് പുതിയ വകഭേദത്തെ കുറിച്ച് ജപ്പാൻ കൂടുതൽ പഠനം നടത്തി വരികയാണ്. നിലവിൽ വികസിപ്പിച്ചെടുത്ത വാക്സിനുകൾ പുതിയ വൈറസിനെതിരെ ഫലപ്രദമാണോ എന്ന് വ്യക്തമല്ല.
പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച നാൽപതുകാരന് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നീട ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ച 30കാരിക്കും കുട്ടികൾക്കും തലവേദനയും പനിയും ഉണ്ടായിരുന്നു.
നേരത്തെ യുകെ, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ 30 കേസുകൾ ജപ്പാനിൽ റിപ്പോർട് ചെയ്തിരുന്നു. പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാൽ അധികൃതർ ആശങ്കയിലാണ്. ടോക്കിയോ പ്രദേശത്ത് വെള്ളിയാഴ്ച മുതൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ഉദ്യോഗസ്ഥനെ ഐഎൻഎസ് ബെത്വയിൽ മരിച്ച നിലയിൽ കണ്ടെത്തി








































