തിരുവനന്തപുരം: കുഞ്ഞിനെ കേരളത്തിലേക്ക് എത്തിച്ചതിൽ സന്തോഷമെന്ന് അനുപമ. കുഞ്ഞിനെ കൊണ്ടുവരുമ്പോൾ തന്നെ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ചിരുന്നു എങ്കിലും പാലിക്കാത്തത്തിൽ വിഷമമുണ്ടെന്നും അനുപമ പറഞ്ഞു. നാളെയെങ്കിലും കുഞ്ഞിനെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അനുപമ കൂട്ടിച്ചേർത്തു.
കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ട് ഇതുവരെ അറയിപ്പൊന്നും ലഭിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ വൈകിപ്പിക്കുമെന്ന് പേടിയുണ്ടെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ കൊണ്ടുവരുന്നത് മാത്രം ആയിരുന്നില്ല തന്റെ ആവശ്യം. സമരം അവസാനിപ്പിക്കാൻ തയ്യാറല്ലെന്നും അനുപമ വ്യക്‌തമാക്കി.
ആന്ധ്രാ ദമ്പതികൾക്ക് കൈമാറിയ കുഞ്ഞിനെ ഇന്ന് വൈകിട്ടാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കേരളത്തിൽ നിന്നുപോയ ഉദ്യോഗസ്‌ഥ സംഘം കുഞ്ഞുമായി തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിയത്. തുടർന്ന് കുട്ടിയെ നിർമ്മല ശിശുഭവനിൽ എത്തിച്ചു.
നേരത്തെ അനുപമയുടെ പരാതിയെ തുടർന്ന് കുഞ്ഞിനെ ഡിഎൻഎ ടെസ്‌റ്റ് നടത്താനായി അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോടതിയുടെ അനുമതിയോടു കൂടിയാണ് കുഞ്ഞിനെ തിരികെയെത്തിക്കാൻ ഉദ്യോഗസ്‌ഥർ ആന്ധ്രയിലേക്ക് തിരിച്ചത്.
ഇന്നലെ വൈകിട്ടോടെ തന്നെ ആന്ധ്രയിലെ ദമ്പതികളുടെ വീട്ടിൽ ഉദ്യോഗസ്‌ഥർ എത്തിയിരുന്നു. നിയമപരമായ പേപ്പറുകളിൽ ഒപ്പുവെച്ചശേഷമാണ് കുഞ്ഞിനെ കൈമാറിയത്. സ്‌പെഷല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെട്ട സംഘവും കുഞ്ഞിന് സുരക്ഷ ഒരുക്കി ഉദ്യോഗസ്‌ഥർക്കൊപ്പം ഉണ്ടായിരുന്നു.
Read also: ദത്ത് വിവാദം; കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു






































