ബാലുശ്ശേരി: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നടപ്പാക്കിയ ‘അപ്നാ ഘർ’ പദ്ധതി സംസ്ഥാനമാകെ നടപ്പാക്കുമെന്ന് തൊഴിൽ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. തൊഴിലാളികൾക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിനാലൂരിൽ നിർമിക്കുന്ന ഹോസ്റ്റലിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Also Read: പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്ത് വകകള്‍ മരവിപ്പിച്ചു
കിനാലൂർ കെ.എസ്.ഐ.ഡി.സി ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിലെ ഒരേക്കർ ഭൂമിയിൽ മൂന്ന് നിലകളിലായി 43,600 ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടം നിർമിക്കാനാണ് ഫൗണ്ടേഷൻ കേരള പദ്ധതിയിടുന്നത്. ലോബി ഏരിയ, സിക്ക് റൂം, വാർഡൻ മുറി, ഓഫീസ്, 180 പേർക്ക് സൗകര്യമുള്ള ഡൈനിങ് റൂം, സ്റ്റോർ റൂം-ഡിഷ് വാഷ് ഏരിയ എന്നിവയോട് കൂടിയ അടുക്കള, 48 ടോയ്ലറ്റുകൾ, പാർക്കിങ് സൗകര്യങ്ങൾ, അഗ്നിശമന സംവിധാനം, സിസിടിവി എന്നിവ ഉണ്ടാകും. 520 കിടക്കകളും ഇവിടെ സജ്ജീകരിക്കും. ആദ്യഘട്ടത്തിൽ കുറഞ്ഞ വാടക നിരക്കിൽ 500 അതിഥി തൊഴിലാളികളെയാണ് ഇവിടെ പാർപ്പിക്കുക.
ശിലാസ്ഥാപന ചടങ്ങിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി അധ്യക്ഷത വഹിച്ചു. ജില്ലാ-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു.







































