കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബെഗളൂരു സിറ്റി ആൻഡ് സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഉച്ചയോടെ അപേക്ഷയിൽ വിധി പറയുമെന്നാണ് റിപ്പോർട്ടുകൾ.
രവി പൂജാരിയെ ക്രൈം ബ്രാഞ്ച് 7 ദിവസത്തേക്ക് കസ്റ്റഡിയിലും ആവശ്യപ്പെട്ടിട്ടുണ്ട്. രവി പൂജാരിയുടെ ശബ്ദ സാമ്പിളുകൾ ശേഖരിക്കാനും ക്രൈംബ്രാഞ്ച് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ മൂന്നാം പ്രതിയാണ് രവി പൂജാരി. കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിച്ച അപേക്ഷ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ രണ്ട് പേർ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് ഒരു മാസം മുൻപ് നടിയോട് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാർലറിന് നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
Read also: കോവിഡ് വ്യാപനം രൂക്ഷം; സെക്രട്ടറിയേറ്റിൽ 50% പേർ മാത്രം; കടുത്ത നിയന്ത്രണം







































