ഡെൽഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ നടി ലീന മരിയ പോള്‍ അറസ്‌റ്റില്‍. ഭര്‍ത്താവും ചെന്നൈ സ്വദേശിയുമായ സുകേഷ് ചന്ദ്രശേഖറിനൊപ്പമാണ് ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ ട്വീറ്റ് ചെയ്‌തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടുതരാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസില്‍ ഇരുവരെയും ഇന്ന് ഇഡി ചോദ്യം ചെയ്‌തിരുന്നു. കനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍ നിന്ന് 19 കോടി രൂപയും വസ്‍ത്ര വ്യാപാരിയെ കബളിപ്പിച്ച് 62.47 ലക്ഷവും തട്ടിയെടുത്തത് അടക്കമുള്ള കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്.
അണ്ണാ ഡിഎംകെയുടെ പാര്‍ട്ടി ചിഹ്‌നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്‌ദാനം ചെയ്‌ത് ശശികലയുടെ സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കുറ്റവും ഇവര്‍ക്കെതിരെയുണ്ട്. സുകേഷിന്റെ ചെന്നൈയിലെ ബംഗ്ളാവില്‍ ഇഡി നടത്തിയ റെയ്‌ഡില്‍ ആഡംബര കാറുകളും പണവും പിടിച്ചെടുത്തിരുന്നു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര എന്നിവയാണ് ലീന അഭിനയിച്ച സിനിമകൾ.
Read Also: സംസ്‌ഥാനത്ത് പുതിയ റേഷന്‍ കട അനുവദിക്കില്ല; വ്യക്‌തമാക്കി മന്ത്രി