എഐ വീഡിയോകൾ തട്ടിപ്പ്; നഷ്‌ടപ്പെട്ട പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്

കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സ്ആപ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്.

By Trainee Reporter, Malabar News
AI video call money fraud
Rep. Image
Ajwa Travels

കോഴിക്കോട്: നിർമിത ബുദ്ധി (എഐ സാങ്കേതിക വിദ്യ) ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത മുഴുവൻ പണവും തിരിച്ചു പിടിച്ചു സൈബർ ഓപ്പറേഷൻ വിഭാഗം. നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവത്തിലാണ് പരാതിക്കാരന് നഷ്‌ടപ്പെട്ട 40,000 രൂപ കേരള പോലീസ് സൈബർ വിഭാഗം തിരിച്ചുപിടിച്ചത്.

കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സ്ആപ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്‌തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോ കോളിൽ കണ്ടത്. മാത്രമല്ല, പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്‌തു. താൻ ഇപ്പോൾ ദുബായിൽ ആണെന്നും ബന്ധുവിന്റെ ചികിൽസയ്‌ക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാൾ വീണ്ടും 35,000 രൂപ കൂടി ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി. ഇതോടെ യഥാർഥ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം രാധാകൃഷ്‌ണന് മനസിലായത്. 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ രജിസ്‌റ്റർ ചെയ്‌ത പരാതിയുടെ അടിസ്‌ഥാനത്തിൽ അദ്ദേഹത്തിന് നഷ്‌ടപ്പെട്ട മുഴുവൻ തുകയും കേരളാ പോലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം ബാങ്കുകളുടെ സഹായത്തോടെ തട്ടിപ്പുകാരനിൽ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു.

മഹാരാഷ്‌ട്രയിലെ രത്‌നാകർ ബാങ്കിൽ നിന്നാണ് പണം കണ്ടെത്തിയിരിക്കുന്നത്. അക്കൗണ്ട് പോലീസ് ബ്ളോക്ക് ചെയ്‌തു. കേരളത്തിൽ ആദ്യമായി റിപ്പോർട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം. അതേസമയം, പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. അതിനിടെ, സംഭവത്തിൽ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. പരിചിതമല്ലാത്ത നമ്പറിൽ നിന്ന് സാമ്പത്തിക സഹായം അഭ്യർഥിച്ചുള്ള വ്യാജ ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

ഇത്തരം സംഭവങ്ങൾ നടന്നാൽ വിവരം ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ പോലീസ് ഹെൽപ്പ് ലൈൻ നമ്പറായ 1930ൽ അറിയിക്കണമെന്നും പോലീസ് അറിയിച്ചു. പരിചയമില്ലാത്ത വീഡിയോ കോളുകൾ ഒഴിവാക്കാനും, പരിചയം ഉള്ളവരാണെങ്കിലും ഫോണിൽ വിളിച്ചു കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും പോലീസ് നിർദ്ദേശം നൽകി.

Most Read: ‘കെഎസ്ആർടിസി അടച്ചുപൂട്ടൽ വക്കിൽ’; സർക്കാർ അവഗണനയെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE