വാഷിങ്ടൻ: പുത്തൻ നാഴികക്കല്ലുകൾ സ്വന്തം പേരിൽ എഴുതിച്ചേർത്ത് ആർട്ടെമിസ്-II ദൗത്യ സംഘം. 54 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, മനുഷ്യൻ വീണ്ടും ചന്ദ്രന്റെ അതിരുകൾ താണ്ടി ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. നാല് യാത്രികർ അടങ്ങുന്ന ഓറിയൺ പേടകം ഇന്ത്യൻ സമയം പുലർച്ചെ 5.37നാണ് യുഎസിലെ കാലിഫോർണിയക്ക് സമീപം പസഫിക് സമുദ്രത്തിലിറങ്ങിയത്.
പത്തുദിവസം നീണ്ട യാത്രയ്ക്കാണ് ശുഭകരമായ പര്യവസാനം ഉണ്ടായത്. നാസയുടെ റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ളോവർ (മിഷൻ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷ്യലിസ്റ്റ്, കാനഡയുടെ ജെറെമി ഹാൻസൺ (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് തിരികെയെത്തിയത്. യുഎസ്എസ് ജോൺ പി. മർത്ത എന്ന റസ്ക്യൂ കപ്പലാണ് യാത്രികനെ കരയിലെത്തിക്കാൻ എത്തിയത്.
നിലവിൽ സംഘത്തിന്റെ വൈദ്യപരിശോധന പൂർത്തിയായതാണ് വിവരം. സംഘം ഇന്ന് തന്നെ ഹ്യൂസ്റ്റണിലേക്ക് മടങ്ങും. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ ഏറ്റവും വലിയ ദൗത്യമാണ് ആർട്ടെമിസ്-II. മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ദൂരമെന്ന റെക്കോർഡ് കുറിച്ചാണ് സംഘം തിരിച്ചെത്തിയത്.
ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഈമാസം ഒന്നിന് ഇന്ത്യൻ സമയം പുലർച്ചെ 4.06നായിരുന്നു വിക്ഷേപണം. എസ്എൽഎസ് (Space Launch System) റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. 1972 ഡിസംബർ 19നായിരുന്നു ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ ഏറ്റവുമൊടുവിലെ അപ്പോളോ ദൗത്യം. 54 വർഷത്തിന് ശേഷമാണ് ആർട്ടെമിസ്-II ദൗത്യം.
മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗത്തിലാണ് ഓറിയൺ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ഈ സമയത്ത് പേടകത്തിന് ചുറ്റും 2800 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടു. ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ പേടകത്തിന്റെ ക്രൂ കാപ്സ്യൂൾ (യാത്രികർ ഇരിക്കുന്ന ഭാഗം) വേർപെട്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തീഗോളമായി പ്രവേശിച്ചു.
പീഠത്തിലെ താപകവചം ഈ സമയം സംരക്ഷണമേകി. പിന്നാലെ ഘർഷണം കുറയ്ക്കാനും വേഗത നിയന്ത്രിക്കാനുമായി വിടർത്തുന്ന പാരഷൂട്ടുകളുടെ സഹായത്തോടെ പേടകം കടലിലേക്ക് പതിച്ചു. അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത് തൊട്ട് സമുദ്രപതനം വരെ 15 മിനിറ്റ് സമയമാണ് വേണ്ടിവന്നത്. ഇതിനെയാണ് സ്പ്ളാഷ് ഡൗൺ എന്ന് വിളിക്കുന്നത്.
ആകെ 11 ലക്ഷം കിലോമീറ്ററാണ് പേടകം സഞ്ചരിച്ചത്. ഈ ദൗത്യസംഘം ചന്ദ്രനിൽ ഇറങ്ങിയില്ലെങ്കിലും, അപ്പോളോ 13 ദൗത്യത്തിന്റെ ദൂരപരിധി മറികടന്ന് ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം (252,756) സഞ്ചരിച്ച മനുഷ്യർ എന്ന ലോക റെക്കോർഡ് ഇവർ സ്വാന്തമാക്കി. ചന്ദ്രന്റെ ഇതുവരെ മനുഷ്യർ നേരിട്ട് കാണാത്ത വിദൂര വശങ്ങൾ ഇവർ കണ്ടു.
ബഹിരാകാശത്ത് നിന്നുള്ള പൂർണ ചന്ദ്രഗ്രഹണം ദർശിക്കാനും ഈ സംഘത്തിന് കഴിഞ്ഞു. യാത്രയ്ക്കിടയിൽ ചന്ദ്രനിലെ രണ്ട് ഗർത്തങ്ങൾക്ക് തങ്ങളുടെ പേടകത്തിന്റെയും വൈസ്മാന്റെ അന്തരിച്ച ഭാര്യ കരോളിന്റെയും പേര് നൽകാൻ ഇവർ അനുമതി തേടിയത് ഹൃദയസ്പർശിയായ നിമിഷമായി. അപ്പോളോ 8 ദൗത്യം നൽകിയ വിഖ്യാതമായ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം ‘എർത്ത് സെറ്റ്’ ചിത്രങ്ങളും ഇവർ പകർത്തി.
ഭാവിയിലെ ചൊവ്വാ യാത്രകൾക്കും ചന്ദ്രനിലെ സ്ഥിരതാമസത്തിനും വഴിത്തിരിവാണ് ആർട്ടെമിസ്-II ദൗത്യം. ചന്ദ്രനിൽ ലൂണാർ എന്ന സ്റ്റേഷൻ സ്ഥാപിക്കും. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള സ്ഥിരസഞ്ചാരം ഇതോടെ സാധ്യമാകും. ഭാവിയിൽ ചന്ദ്രനിൽ താമസമുറപ്പിച്ച് അവിടത്തെ ഹീലിയം ത്രീ ഉൾപ്പടെ ധാതുക്കൾ ഖനനം ചെയ്യാനുള്ള മൂൺ കോളനി പദ്ധതിക്കുള്ള അടിത്തറ കൂടിയാകും ആർട്ടെമിസ് പരമ്പര പൂർണമാകുന്നതോടെ തയ്യാറാക്കുക.
ചുരുക്കത്തിൽ മനുഷ്യവാസം ചന്ദ്രഗോളത്തിലേക്ക് വ്യാപിക്കും. ഭാവിയിൽ ചൊവ്വ എന്ന ലക്ഷ്യത്തിലേക്കുള്ള ഇടത്താവളം കൂടിയായി ചന്ദ്രൻ മാറും. 2028ഓടെ മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































