മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കടത്ത് കേസില്‍ പുതിയ ആരോപണവുമായി മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്. ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോകാനും മോചനദ്രവ്യം ആവശ്യപ്പെടാനുമായിരുന്നു പദ്ധതിയെന്ന് നവാബ് മാലിക് പറഞ്ഞു. ബിജെപി നേതാവ് മോഹിത് കംബോജിന്റെ നേതൃത്വത്തിലാണ് പദ്ധതി ആസൂത്രണം ചെയ്‌തതെന്നും മാലിക് കൂട്ടിച്ചേർത്തു.
“ആര്യന്‍ ഖാന്‍ ആഡംബര കപ്പലിലെ പാര്‍ട്ടിക്ക് വേണ്ടി ടിക്കറ്റെടുത്തിരുന്നില്ല. പ്രതിക് ഗാബയും ആമിറുമാണ് ആര്യനെ അവിടെയെത്തിച്ചത്. തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു ലക്ഷ്യം. മോചനദ്രവ്യം ആവശ്യപ്പെട്ട സമീര്‍ വാങ്കഡെയുടെ പങ്കാളിയാണ് മോഹിത് കംബോജ്”-മന്ത്രി പറഞ്ഞു.
കേസില്‍ അകപ്പെട്ട റിഷഭ് സച്ച്‌ദേവ, പ്രതീക് ഗാബ, അമീര്‍ ഫര്‍ണിച്ചര്‍വാല എന്നിവരെ എൻസിബി വെറുതെ വിട്ടതായും ഇതില്‍ റിഷഭ്, മോഹിത് കംബോജിന്റെ ഭാര്യാ സഹോദരനാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ലഹരിക്കടത്ത് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും കഴിഞ്ഞ ദിവസം സമീർ വാങ്കഡെയെ മാറ്റിയിരുന്നു. അന്വേഷണം മുംബൈ സോണിൽ നിന്ന് എൻസിബിയുടെ കേന്ദ്ര സംഘത്തിന് കൈമാറുകയായിരുന്നു. നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാന്റെ കേസുൾപ്പടെ മറ്റ് നാല് കേസുകളും എൻസിബിയുടെ മുംബൈ സോണിൽ നിന്ന് സെൻട്രൽ സോണിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ സമീർ വാങ്കഡെക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതിനാലാണ് കേസുകൾ മാറ്റിയത്. എന്നാൽ എൻസിബിയുടെ മുംബൈ യൂണിറ്റിന്റെ സോണൽ ഡയറക്‌ടറായി സമീർ വാങ്കഡെ തുടരും.
Read also: ചെന്നൈയിൽ കനത്ത മഴ തുടരുന്നു; പലയിടങ്ങളും വെള്ളത്തിൽ, ജാഗ്രത







































