മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്‌ജു സാംസൺ ഇടംനേടി. പ്രധാന വിക്കറ്റ് കീപ്പറായി സഞ്‌ജു കളിക്കും. ശുഭ്‌മാൻ ഗിൽ വൈസ് ക്യാപ്‌റ്റനായി ടീമിലെത്തി.
ജിതേഷ് ശർമയാണ് രണ്ടാം വിക്കറ്റ് കീപ്പർ. അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിങ്, എന്നിവരാണ് ടീമിൽ ഇടംപിടിച്ച മറ്റ് ബാറ്റർമാർ. ഹർദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷർ പട്ടേൽ എന്നിവരാണ് ഓൾറൗഡർമാർ. സൂപ്പർ താരം ജസ്‌പ്രീത് ബുംറയാണ് പേസ് നിരയെ നയിക്കുന്നത്. അർഷ്‌ദീപ് സിങ്ങും ഹർഷിത് റാണയുമാണ് മറ്റു പേസർമാർ.
വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരാണ് ടീമിലെ സ്‌പിന്നർമാർ. അതേസമയം, ടീമിലിടം പിടിക്കുമെന്ന് കരുതിയ ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ, മുഹമ്മദ് സിറാജ് എന്നിവർ പട്ടികയിലില്ല. പ്രസിദ്ധ് കൃഷ്‌ണ, വാഷിങ്ടൻ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, യശസ്വി ജയ്സ്വാൾ എന്നിവരെ ടീമിന്റെ സ്‌റ്റാൻഡ് ബൈ താരങ്ങളായി നിർത്തും. നിലവിലെ ടീമിൽ ആർക്കെങ്കിലും പരിക്കേറ്റാൽ മാത്രമായിരിക്കും ഇവർക്ക് അവസരം ലഭിക്കുക.
ടി20 ഫോർമാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂർണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്‌തംബർ ഒമ്പതിന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ 28നാണ്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആകെ 19 മൽസരങ്ങളാണ് ഉണ്ടാവുക. ഇന്ത്യയും പാക്കിസ്‌ഥാനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ രണ്ടാം ഗ്രൂപ്പിലും.
ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾ സൂപ്പർ ഫോണിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോറിൽ ഓരോ ടീമും മറ്റ് ടീമുകളായി ഒരുതവണ ഏറ്റുമുട്ടും. ഇതിൽ മികച്ച റടീമുകൾ ഫൈനലിൽ കളിക്കും. വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പങ്കെടുത്തു.
Most Read| ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ ‘കമേഴ്‌സ്യൽ പൈലറ്റ്’; നേട്ടം കൈവരിച്ച് സാന്ദ്ര ജെൻസൺ