മലപ്പുറം: വള്ളിക്കുന്നിൽ കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നിരവധി പേരെയാണ് ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വള്ളിക്കുന്ന് പഞ്ചായത്തിൽ കഴിഞ്ഞ മാസം 13ന് കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടക്കടവ് ആശുപത്രികളിൽ മുപ്പതിലധികം പേരാണ് ചികിൽസയിൽ ഉള്ളത്. ഈ ഭാഗങ്ങളിൽ ഉള്ളവർ കടുത്ത പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിൽസ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കൊടക്കാട് സ്വദേശിനി വാണിയംപറമ്പത്ത് ഫെമിനാസ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും മകൻ അജ്നാസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസയിലാണ്.
രോഗം കണ്ടെത്തിയവരിൽ അഞ്ചുപേർ വിവിധ ആശുപത്രികളിൽ ഐസിയുവിൽ ആണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഇപ്പോഴും ചികിൽസ തേടി പലരും ആശുപത്രികളിൽ എത്തുന്നതായാണ് വിവരം. മാസങ്ങൾക്ക് മുന്നേ ഇതേ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്ക് സമാനമായ രീതിയിൽ രോഗങ്ങൾ കണ്ടിരുന്നുവെന്നും അന്ന് ഉടമകൾ സംഭവം പുറത്ത് വരാതിരിക്കാൻ ഒതുക്കി തീർക്കുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. ഈ വിവാഹത്തിൽ പങ്കെടുത്തവർ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിവരമറിയിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ