കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിനെത്തിയ ബംഗാള്‍ ബിജെപി മുന്‍ അധ്യക്ഷനും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ടുമായ ദിലീപ് ഘോഷിന് നേരെ ആക്രമണം. തൃണമൂലാണ് ദിലീപ് ഘോഷിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.
തൃണമൂലുകാര്‍ തന്നെ വളഞ്ഞിട്ട് തല്ലിയെന്നും ആക്രോശിച്ചെന്നും ദിലീപ് ഘോഷ് പറഞ്ഞു. ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ ദിലീപ് ഘോഷിന്റെ സുരക്ഷാ ജീവനക്കാർ തോക്കു ചൂണ്ടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
ഇന്നാണ് ഭവാനിപൂരിലെ പരസ്യപ്രചാരണം അവസാനിക്കുന്നത്. രാവിലെ മുതല്‍തന്നെ വിവിധ സ്ഥലങ്ങളിൽ നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകാൻ ആയിരുന്നു ഘോഷിന്റെ പദ്ധതി. എന്നാൽ അക്രമസംഭവങ്ങളെ തുടര്‍ന്ന് പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കി. കൂടാതെ മറ്റൊരു സംഘര്‍ഷത്തില്‍ ജാദു ബാബുര്‍ ബസാറിലെ ഒരു ബിജെപി പ്രവർത്തകനും പരിക്കേറ്റു എന്നാണ് റിപ്പോർട്.
ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 30നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഒക്ടോബർ മൂന്നിന് നടക്കും. മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നു മൽസരിച്ച മമത, തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. നിയമസഭയില്‍ അംഗമല്ലാത്തൊരാള്‍ മന്ത്രി സ്ഥാനത്ത് എത്തുകയാണെങ്കില്‍ ആറുമാസത്തിനകം തിരഞ്ഞെടുപ്പിനെ നേരിടണം. മമതയ്ക്ക് മൽസരിക്കാന്‍ ഭവാനിപൂരിലെ തൃണമൂല്‍ എംഎല്‍എ സോവന്‍ദേവ് ചതോപാധ്യായ രാജി വെച്ചിരുന്നു.
Read also: ‘നേതൃത്വത്തിന് നന്ദി’; മന്ത്രിസ്ഥാനം ലഭിച്ചതിന് പിന്നാലെ ജിതിന് പ്രസാദ








































