കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം. കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകർത്തു. ഔഫിന്റെ കബറടക്കത്തിന് പിന്നാലെയായിരുന്നു ആക്രമണം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കല്ലുരാവിയിൽ രാത്രി പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
അതേസമയം ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തില്‍ ഔഫിന്റെ ഹൃദയധമനിയിൽ മുറിവേറ്റിരുന്നു. അതിവേഗം രക്‌തം വാർന്ന് ഉടൻ മരണം സംഭവിക്കാൻ ഇത് കാരണമായി. ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചു കയറിയെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്‌തമാക്കുന്നു.
കൊലപാതകത്തിലെ മുഖ്യപ്രതി ഇര്‍ഷാദിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇയാളെ കാഞ്ഞങ്ങാട്ട് എത്തിച്ചു. സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസഹാഖിനെ ഇന്നലെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു. ഇര്‍ഷാദിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും.
ബുധനാഴ്‌ച രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് അബ്‌ദുള്‍ റഹ്‌മാനെ (27) മുസ്‌ലിംലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ യൂത്ത് ലീഗ് ഭാരവാഹി ഇര്‍ഷാദ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Related News: ഔഫിന്റെ കൊലപാതകം; മുസ്‌ലിംലീഗ് നിലപാടിനെ ജനാധിപത്യ വിശ്വാസികൾ തള്ളിപ്പറയണം -എസ്‌വൈഎസ്