തിരുവനന്തപുരം: പോത്തൻകോട് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പണിമൂല സ്വദേശിനി വൃന്ദയെ ഭർത്താവിന്റെ സഹോദരൻ സിബിൻലാൽ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ വൃന്ദ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു വൃന്ദ. ഉച്ചക്ക് 12 മണിയോടെ യുവതി ജോലി ചെയ്യുന്ന തയ്യൽക്കടയിൽ എത്തിയാണ് സിബിൻലാൽ ആക്രമിച്ചത്. പെട്രോൾ ഒഴിച്ച ശേഷം കയ്യിൽ കരുതിയിരുന്ന പന്തം വൃന്ദക്ക് നേരെ എറിയുകയായിരുന്നു. യുവതിയുടെ കൈയ്ക്കും വയറിനുമാണ് പരിക്കേറ്റത്. പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
അക്രമശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതി സിബിൻലാലിനെ പോലീസ് ഉടൻ തന്നെ പിടികൂടി. വിഷം കഴിച്ചിട്ടുണ്ടെന്ന് പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആക്രമണ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെങ്കിലും ചില കുടുംബ പ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: വവ്വാൽ സാമ്പിളിൽ നിപ സാന്നിധ്യം, ആന്റിബോഡി കണ്ടെത്തി; ആരോഗ്യമന്ത്രി






































