ന്യൂഡെൽഹി: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ചട്ടലംഘനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ നാല് ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ നഗ്‌നമായ ലംഘനം ആണെന്നാണ് മുരളീധരൻ പറയുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം സർക്കാർ തലത്തിൽ സൗജന്യങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കരുതെന്ന നിർദ്ദേശം പാലിക്കാതെയാണ് മുഖ്യമന്ത്രിയുടെ നടപടി. വാക്‌സിൻ വിതരണം സംബന്ധിച്ച് കേന്ദ്രസർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളും മുമ്പ് തന്നെ വിതരണം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഇതിന് സംസ്‌ഥാന കമ്മീഷന്റെ അനുമതിയുണ്ടോ എന്ന് വ്യക്‌തമാക്കണം. തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടുമെന്ന് വ്യക്‌തമായ സാഹചര്യത്തിൽ വാഗ്‌ദാനങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും മുരളീധരൻ ആരോപിച്ചു.
വാക്‌സിന്റെ കാര്യത്തിൽ സംസ്‌ഥാന ആരോഗ്യവകുപ്പ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. അതിനാൽ, രാഷ്‌ട്രീയ നേട്ടം മുന്നിൽ കണ്ടുള്ള പ്രഖ്യാപനം മാത്രമാണ് മുഖ്യമന്ത്രിയുടേതെന്ന് മുരളീധരൻ പറഞ്ഞു. ആദ്യഘട്ടത്തിൽ രാജ്യത്തെ ആരോഗ്യപ്രവർത്തകർ ഉൾപ്പടെ ഒരു കോടിയോളം ആളുകൾക്ക് വാക്‌സിൻ സൗജന്യമായി നൽകുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെയാണ് സംസ്‌ഥാനത്ത് ഒരു മുന്നൊരുക്കവും പൂർത്തിയാക്കാതെ വാക്‌സിൻ സൗജന്യമായി നൽകുമെന്ന വാഗ്‌ദാനം നടത്തിയിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി പരാതി നൽകിയിട്ടുണ്ട്. ഉചിതമായ നടപടി കമ്മീഷൻ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നേരത്തെ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസനും ആവർത്തിച്ചു. എന്നാൽ, വിഷയത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. വാർത്തകൾ കണ്ടുവെന്നും പരാതി കിട്ടിയാൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു.
Also Read: കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്‌സിൻ പരാമർശം സ്വാഭാവികം; എ വിജയരാഘവന്‍