കാൻബറ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയ. യാത്രാവിലക്ക് ലംഘിച്ച് ഇന്ത്യയില്‍ നിന്നും എത്തുന്നവര്‍ക്ക് തടവ് ശിക്ഷയുള്‍പ്പടെ നല്‍കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങൾക്ക് മെയ് 15വരെ ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് പുറമെയാണ് രാജ്യത്തെ ബയോസെക്യൂരിറ്റി നിയമപ്രകാരം മഹാമാരിയെ ചെറുക്കാന്‍ കടുത്ത നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
നിയമപ്രകാരം, രണ്ടാഴ്‌ച ഇന്ത്യയില്‍ തങ്ങിയ ശേഷം നിയമം മറികടന്ന് ഓസ്‌ട്രേലിയയിൽ എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവോ 66,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴയോ (ഏകദേശം 38 ലക്ഷം രൂപ) ലഭിക്കും. നേരിട്ടുള്ള വിമാനങ്ങള്‍ക്ക് പുറമെ, ഇന്ത്യയില്‍ നിന്ന് ദോഹ, സിംഗപൂര്‍, ക്വാലലംപൂര്‍ എന്നിവടങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് വരുന്ന വിമാനങ്ങൾക്കും വിലക്കുണ്ട്.
നിലവില്‍ 9,000 ഓളം ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് എബിസി ന്യൂസ് റിപ്പോര്‍ട് ചെയ്‌തിരുന്നത്. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഐപിഎല്ലില്‍ പങ്കെടുക്കുന്ന ഓസ്‌ട്രേലിയന്‍ കളിക്കാരില്‍ ചിലര്‍ മൽസരം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയിരുന്നു.
എന്നാല്‍ വിലക്കിന് മുന്‍പ് നാട്ടിലെത്താന്‍ ഇവർക്ക് സാധിച്ചില്ല. ഐപിഎല്ലില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് നേരത്തെ തന്നെ പ്രധാനമന്ത്രി മോറിസണ്‍ പറഞ്ഞിരുന്നു.
Kerala News: കനത്ത സുരക്ഷ; വോട്ടെണ്ണൽ ദിനത്തിൽ ഡ്യൂട്ടിക്ക് 30,281 പോലീസുകാർ








































