കോഴിക്കോട്: മദ്യപിച്ച് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ പോലീസ് കസ്‌റ്റഡിയിൽ. കോഴിക്കോട് ഗവ.ബീച്ച് ആശുപത്രിയിലെ സെക്രട്ടറി അഗസ്‌റ്റിൻ, ക്ളർക്ക് അരുൺ എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഓട്ടോയിൽ കയറിയ ഇരുവരും യാത്രക്കിടെ അസഭ്യം പറഞ്ഞെന്നും വഴിയിലിട്ട് മർദ്ദിച്ചെന്നും ആരോപിച്ച് ഓട്ടോ ഡ്രൈവർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നിൽവെച്ച് ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും യാത്രക്കിടെ അസഭ്യം പറഞ്ഞെന്നും പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വഴിയിലിട്ട് മർദ്ദിച്ചതായും ഓട്ടോ ഡ്രൈവർ ഫ്രാൻസിസ് റോഡ് സ്വദേശിയായ അജ്‌മൽ നാസി പറയുന്നു. ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
മർദ്ദനമേറ്റ ഡ്രൈവറെ ആദ്യം ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, കൂടുതൽ പരിശോധനകൾക്കായി രാത്രിതന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, നാട്ടുകാർ പോലീസിൽ ഏൽപ്പിച്ച ഉദ്യോഗസ്‌ഥരെ ഇന്നലെ രാത്രി തന്നെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. ഓട്ടോ ഡ്രൈവറുടെ പരാതിയിൽ കസബ പോലീസാണ് ഇരുവരെയും കസ്‌റ്റഡിയിൽ എടുത്തത്.
Most Read: സഞ്‌ജിത്തിന്റെ കൊലപാതകം; കൂടുതൽ എസ്‌ഡിപിഐ പ്രവർത്തകരെ ഇന്ന് ചോദ്യം ചെയ്യും






































