പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപകൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. പ്രതികളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതിനായി കൂടുതൽ എസ്‌ഡിപിഐ പ്രവർത്തകരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. അതേസമയം, കേസിലെ ഒരു പ്രതിയുടെ രേഖാചിത്രം ഇന്ന് പുറത്തുവിടും. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് രേഖാചിത്രം പുറത്തുവിടുന്നത്.
രേഖാചിത്രത്തിനൊപ്പം പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ വിവരങ്ങൾ കൂടി പുറത്തുവിടാൻ ഉത്തരമേഖലാ ഐജി അശോക് യാദവിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. പ്രതികൾ വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ കടന്നതായി പോലീസ് സംശയിക്കുന്നു. പ്രതികൾ തൃശൂർ ഭാഗത്തേക്കും തമിഴ്‌നാട്ടിലേക്കും കടന്നതായാണ് പോലീസ് നേരത്തെ സംശയിച്ചിരുന്നത്. അതേസമയം, സഞ്‌ജിത്തിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു.
പാലക്കാട് ദേശീയപാതയ്‌ക്ക് സമീപത്തെ കണ്ണന്നൂരിലാണ് നാല് വടിവാളുകൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്‌തക്കറയും മുടിനാരിഴയും ഉണ്ട്. ആയുധങ്ങളുടെ ശാസ്‌ത്രീയ പരിശോധനാ ഫലം ഉടൻ ലഭിച്ചേക്കും. പ്രതികൾ ഉപയോഗിച്ചിരുന്ന വെള്ള മാരുതി 800 കാർ തൃശൂർ ഭാഗത്തേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഈ കാർ കണ്ടെത്താൻ പാലിയേക്കര ട്രോൾ പ്ളാസയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. വാടാനപ്പള്ളി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ ചെറായി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തും.
Most Read: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; 141 അടിയിൽ എത്തിയാൽ ഷട്ടറുകൾ തുറക്കും