ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ 140.95 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇത് 141 അടിയിലേക്ക് എത്തിയാൽ സ്‌പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇന്നലെ ലഭിച്ച കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇടുക്കി ഡാമിലും സമാന സ്‌ഥിതിയാണുള്ളത്.
2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. എങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ താഴെ താമസിക്കുന്ന ആളുകൾ ആശങ്കയിലാണ്. റൂൾ കർവ് പ്രകാരം 141 അടിവരെയാണ് നവംബർ 20 വരെ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ്. 141 അടിയ്‌ക്ക് മുകളിൽ എത്തിയാൽ ഷട്ടറുകൾ തുറക്കാനുള്ള തീരുമാനത്തിലേക്ക് തമിഴ്‌നാട് നീങ്ങും. അങ്ങനെയെങ്കിൽ വീടുകളിലടക്കം വെള്ളം കയറുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.
അതേസമയം, ഇടുക്കി ഡാമിൽ കഴിഞ്ഞ ദിവസം തുറന്ന ഒരു ഷട്ടർ അടച്ചിരുന്നു. ഡാമിന്റെ വൃഷ്‌ടി പ്രദേശത്തും ശക്‌തമായ മഴ തുടരുകയാണ്. ജലനിരപ്പ് 2399.38 അടിയായി ഉയർന്നിട്ടുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ അടച്ച ഷട്ടർ തുറക്കുന്ന സാഹചര്യമുണ്ടാകും. നേരത്തെ 100 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള അനുമതി ജില്ലാ ഭരണകൂടം നൽകിയിരുന്നു.രണ്ട് ഡാമുകളിലെയും ജലനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.
Also Read: മോഡലുകളുടെ മരണം; അബ്‌ദുള്‍ റഹ്‌മാന്‍ ജയില്‍ മോചിതനായി