കാസർകോഡ്: ജില്ലയിലെ ബഡ്സ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ തീരുമാനമായി. മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തിയ ബഡ്സ് സ്കൂളുകളിലുൾപ്പടെ തെറാപ്പിസ്റ്റുകളുടെ സേവനം ഉറപ്പ് വരുത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ജില്ലാ കളക്ടർ സ്വാഗത് ആർ ഭണ്ഡാരിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ബഡ്സ് സ്കൂളുകളുടെ പ്രവർത്തനം അവലോകനം ചെയ്തത്.
ജില്ലയിലെ ബഡ്സ് സ്കൂളുകളിൽ ഏറെയും എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളാണ് പഠിക്കുന്നത്. 11 ബഡ്സ് സ്കൂളാണ് ജില്ലയിലുള്ളത്. ഇതിൽ 6 എണ്ണം മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്. ഇവിടങ്ങളിലേതുൾപ്പടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും.
തെറാപ്പിസ്റ്റുകളുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫിസർ ഷീബ മുംതാസ് പറഞ്ഞു.. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി എന്നിവ കാര്യക്ഷമമായി നടത്തും. രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നതിന് പാരന്റൽ ക്ളിനിക്കുകൾ ആരംഭിക്കുമെന്നും ജില്ലാ സാമൂഹ്യ നീതി ഓഫിസർ അറിയിച്ചു.
Malabar News: കരിപ്പൂരിന്റെ ഹജ്ജ് യാത്രാ അനുമതി പുനഃസ്ഥാപിക്കണം; സംസ്ഥാന ഹജ്ജ് കമ്മിറ്റി






































